കോഴിക്കോട്: ‘മാധ്യമം’ ഓണ്‍ലൈന്‍ വാര്‍ത്തയുടെ പേരില്‍ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കി അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവ്. അഗളിയില്‍ ഡിവൈ.എസ്.പിയായിരുന്നു എന്‍. മുരളീധരന്‍, മുന്‍ എസ്.എച്ച്.ഒ കെ. സലിം എന്നിവര്‍ക്കെതിരെയുള്ള നടപടിയാണു താക്കീതില്‍ ഒതുക്കിയത്. ഇരുവരുടെയും രണ്ട് വാര്‍ഷിക വേതന വര്‍ധന സഞ്ചിത ഫലത്തോടെ തടയാനുള്ള മുമ്പത്തെ ഉത്തരവ് റദ്ദാക്കി.
ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല നടപടി അവസാനിപ്പിച്ചു. അഗളിയിലെ ഭൂമി ഇടപാടുകാരന്‍ നിരപ്പത്ത് ജോസഫ് കുര്യന്റെ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത അപകീര്‍ത്തികരം എന്ന് ആരോപിച്ചാണ് ജോസഫ് കുര്യന്‍ അഗളി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. മാധ്യമം റിപ്പോര്‍ട്ടര്‍ ആര്‍. സുനിലിനും അട്ടപ്പാടിയിലെ പൊതുപ്രവര്‍ത്തകനായ എം. സുകുമാരനുമെതിരായ പരാതി എസ്.എച്ച്.ഒ സലീമിന് കൈമാറി. പൊലീസ് കോടതിയുടെ അനുമതി വാങ്ങി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനെതിരെ പത്രപ്രവര്‍ത്തക യൂനിയന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് കേസിന്റെ ഗതിമാറിയത്. സാംസ്‌കിക പ്രവര്‍ത്തകര്‍ സംയ്കുത പ്രസ്താവന ഇറക്കുകയും ചെയ്തതോടെ പൊലീസ് ഈ കേസ് പിന്നീട് ഒഴിവാക്കി. അഗളി പൊലീസ് നേരിട്ട് വിളിച്ച് മൊഴിയെടുത്ത് കോടതിയില്‍ കേസ് അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട് നല്‍കി. അന്വേണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ ഭരണഘടനാപരമായ അവകാശം ആണ് വിനിയോഗിച്ചതൊന്നും കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
അതേസമയം, ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം മലപ്പുറം മുന്‍ എസ്.പി ശശിധരന്‍ കേസ് രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. അതോടൊപ്പം മന്ത്രിമാരായ കെ. രാജനും കെ. രാധാകൃഷ്ണനും നല്‍കിയ പരാതി പ്രകാരം പാലക്കാട് മുന്‍ എസ്.പി, തൃശൂര്‍ മുന്‍ ഡി.ഐ.ജി തുടങ്ങിയവരും അന്വേഷണം നടത്തി. ആഭ്യന്തര വകുപ്പിന് മുന്നില്‍ ഈ കേസില്‍ മൂന്ന് റിപ്പോര്‍ട്ട് എത്തി. മുന്‍ ഡിവൈ.എസ്.പി എന്‍. മുരളീധരന് ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് അന്വേഷണ റിപ്പോർട്ടുകളിലുള്ളത്. ജോസഫ് കുര്യന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകളിലേക്ക് ആറുമാസ കാലയളവില്‍ ഡിവൈ.എസ്.പി എന്‍. മുരളീധരന്‍ പരമാവധി 543 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള 53 ഇന്‍കമിങ്/ഔട്ട് ഗോയിങ് കോളുകളും കെ. സലീം 283 സെക്കന്റ് ദൈര്‍ഘ്യമുള്ള 35 ഇന്‍കമിങ്/ ഔട്ട് ഗോയിങ് കോളുകളും ജോസഫ് കുര്യനുമായി വിളിച്ചിട്ടുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തി.
അഗളി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എന്ന പദവിയിലുള്ള ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കാത്തുസൂക്ഷിക്കേണ്ടതായ ധാര്‍മികതയും പെരുമാറ്റ മഹിമയും മര്യാദയും ഔചിത്യവും അച്ചടക്കവും ഒന്നും കാത്തു സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച് അധികാര ദുര്‍വിനിയോഗവും ഗുരുതരമായ പെരുമാറ്റ ദൂഷ്യവും അച്ചടക്ക ലംഘനവും നടത്തിയും ആദിവാസി സമൂഹത്തിന്റെ നിയമപരമായ അവകാശങ്ങളെ ഹനിക്കുംവിധം സ്വേച്ഛാപരവും അധികാര പ്രമത്തതയോടും കൂടി പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്. ജോസഫ് കുര്യന്‍, മാതാവ് ത്രേസ്യാമ്മ ജോസഫ്, മിനി ജോസഫ്, കുര്യന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് പങ്കാളിയായ ഷാജി എന്നിവര്‍ അട്ടപ്പാടിയില്‍ നിരവധി വസ്തു വാങ്ങലും വില്‍പ്പനയും നടത്തിയിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി അന്വേഷണത്തില്‍ കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പിയും സി.ഐയും അധികാര ദുര്‍വിനിയോഗം നടത്തി എന്നതു സംബന്ധിച്ച് വകുപ്പുതലത്തില്‍ ഒടുവില്‍ പരിശോധിച്ചത് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമന്‍ഡന്റ് ഷാഹുല്‍ ഹമീദാണ്. അട്ടപ്പാടിയിലെ ആദിവാസിയായ ചന്ദ്രമോഹന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി സംബന്ധിച്ചാണ് വാര്‍ത്ത നല്‍കിയത്. പരാതി പ്രകാരം അദ്ദേഹത്തിന്റെ കുടുംബ സ്വത്തായി 12 ഏക്കര്‍ ഭൂമിയില്‍നിന്ന് കുടിയൊഴിഞ്ഞ് പോകണമെന്നും ഇല്ലെങ്കില്‍ കുടി ഒഴിപ്പിക്കുമെന്നും ജോസഫ് കുര്യന്‍ ഭീഷണിപ്പെടുത്തിയെന്നാണ്. മാധ്യമം വാര്‍ത്തയുടെ പകര്‍പ്പാണ് പരാതിയോടൊപ്പം ജോസഫ് കുര്യന്‍ നല്‍കിയത്. എന്നാല്‍, പരാതിയില്‍ ചൂണ്ടിക്കാട്ടിയതാകട്ടെ മാധ്യമം റിപ്പോര്‍ട്ടറായ ആര്‍. സുനിലും സാമൂഹിക പ്രവര്‍ത്തകനായ എം. സുകുമാരനും ഫേസ് ബുക്കിലൂടെ അപമാനിച്ചുവെന്നാണ്. പ്രഥമിക അന്വേഷണത്തില്‍ തന്നെ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ജോസഫ് കുര്യന്‍ ആദിവാസി ഭൂമി കൈയേറിയതിന് തെളിവില്ലെന്നും ഷാഹുല്‍ ഹമീദിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.