കൊല്ലം: പി.ഡി.പി ചെയർമാനും മതപണ്ഡിതനുമായ അബ്ദുന്നാസിർ മഅ്ദനി നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ നാട് ഒന്നിക്കണമെന്ന സന്ദേശവുമായി കൊല്ലത്ത് മഅ്ദനി വിമോചന റാലിയും മനുഷ്യാവകാശ സമ്മേളനവും നടന്നു. ഭരണഘടനയിൽ വിശ്വാസമില്ലാത്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള ഹൈകോടതി റിട്ട. ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. നീതി ലഭിക്കാനുള്ള അവകാശവും മനുഷ്യാവകാശമാണ്. ഭരണഘടനയുടെ രക്ഷാകര്‍ത്താക്കളായ കോടതിയാണ് മനുഷ്യാവകാശം കാക്കേണ്ടത്. ഒരു മനുഷ്യനെ അനന്തമായി അടച്ചിടുന്നത് നീതിരാഹിത്യമാണ്. ജഡ്ജി മനുഷ്യനായില്ലെങ്കിൽ മനുഷ്യാവകാശ ലംഘനങ്ങൾ കാണാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുപതിറ്റാണ്ടായി നീതി നിഷേധിച്ചിട്ടും അപാര ഇച്ഛാശക്തിയിലൂടെയാണ് മഅ്ദനി അതിജീവിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീർ എ. മുജീബ് റഹ്മാൻ പറഞ്ഞു. നീതിനിഷേധം തുടരുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ്. മഅ്ദനയുടെ വിമോചനത്തിൽ സത്യസന്ധമായ നിലപാട് സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷി വിസ്താരം കഴിഞ്ഞിട്ട് വീണ്ടും വിചാരണ നടത്തുന്നത് രാജ്യത്ത് മഅ്ദനിയുടെ കാര്യത്തിൽ മാത്രമായിരിക്കുമെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു. നീതിക്കെതിരായ നിയമമാണ് മഅ്ദനിയുടെ കാര്യത്തിലുണ്ടാകുന്നതെന്ന് എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ പറഞ്ഞു.
മഅ്ദനിക്ക് അടിയന്തരനീതി ലഭ്യമാക്കാൻ പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി സമിതി രൂപവത്കരിക്കണമെന്നും സംസ്ഥാന സർക്കാർ കർണാടക, കേന്ദ്ര സർക്കാറുമായി വിഷയം ചർച്ച ചെയ്യണമെന്നും പ്രമേയത്തിലൂടെ പി.ഡി.പി ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര പ്രമേയം അവതരിപ്പിച്ചു. പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ മുട്ടം നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് മഅ്ദനിയുടെ സന്ദേശം വായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.