കൊച്ചി: കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ ഹൈകോടതിയിൽ സന്ദർശനം നടത്തിയതിെൻറ അടിസ്ഥാനത്തിൽ പൊലീസുകാരനുമായി നേരിട്ടോ സമ്പർക്കം വഴിയോ ബന്ധപ്പെട്ടിട്ടില്ലാത്തതിനാൽ ജഡ്ജി സ്വമേധയാ ക്വാറൻറീനിൽ പോകേണ്ട ആവശ്യമില്ലെന്ന് ഹൈകോടതി രജിസ്ട്രാർ സോഫി തോമസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
പൊലീസുകാരൻ എത്തിയ കേസ് പരിഗണിച്ച ജസ്റ്റിസ് സുനിൽ തോമസും ജീവനക്കാരും സ്വമേധയാ ക്വാറൻറീനിൽ പ്രവേശിക്കണമെന്നും ഹൈകോടതി ഈ മാസം 30 വരെ അടച്ചിടണമെന്നുമുള്ള അഭിഭാഷക അസോസിയേഷൻ ആവശ്യം നിലനിൽക്കെയാണ് തീരുമാനം.
ഇക്കാര്യത്തിൽ ഹൈകോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയും അഡ്വക്കറ്റ് ജനറലുമായുള്ള ചർച്ച തിങ്കളാഴ്ച നടക്കും. ഈ മാസം 17നാണ് ഹൈകോടതി കെട്ടിടത്തിലെ ഒന്നാംനിലയിൽ സിവിൽ പൊലീസ് ഓഫിസറായ പൊലീസുകാരൻ എത്തിയത്. മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞുമായി ബന്ധപ്പെട്ട കേസിലെ റിപ്പോർട്ട് നൽകാനാണ് വന്നത്. പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിെൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ അണുമുക്തമാക്കുകയും ചെയ്തിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് ഹൈകോടതി അടച്ചിടണമെന്നും വിഡിയോ കോൺഫറൻസിങ് വഴിയുള്ള സിറ്റിങ് മാത്രമാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റിസ് മണികുമാറിന് കത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.