തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനു കുരുക്കായി അന്നത്തെ ബോര്‍ഡ് അംഗം എന്‍. വിജയകുമാറിന്റെ മൊഴി. താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണ് വിജയകുമാർ മൊഴി നൽകിയത്. എസ്.ഐ.ടി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
‘‘സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്‍റ് പറയുന്നതായിരുന്നു രീതി. തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനറിയാം. സ്വർണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോർഡിൽ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ ഒപ്പിട്ടു. പ്രശ്നമുണ്ടാകുമെന്ന് അറിഞ്ഞില്ല. സമ്മര്‍ദം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നി. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്’’-വിജയകുമാറിന്‍റെ മൊഴിയില്‍ പറയുന്നു.
എന്നാല്‍, തട്ടിപ്പില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന മട്ടിലുള്ള വിജയകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിൻ വിജയകുമാർ വീഴ്ച വരുത്തി. ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ പ്രതികൾക്ക് അന്യായലാഭം ഉണ്ടാക്കാൻ കൂട്ടുനിന്നു. ബോർഡിന് നഷ്‌ടമുണ്ടാക്കി- റിമാൻഡ് റിപ്പോർട്ടിൽ എസ്.ഐ.ടി പറയുന്നു. വിജയകുമാർ കട്ടിളപ്പാളി കേസിൽ 12ാം പ്രതിയും ദ്വാരപാലകശിൽപ കേസിൽ 15ാാം പ്രതിയുമാണ്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി എം.എസ്. മണിയെയും (ഡി മണി) സംഘത്തെയും മൊഴിയെടുത്ത് വിട്ടയച്ചു. ഡി മണിയെന്ന് പൊലീസ് സംശയിക്കുന്ന എം.എസ്. മണി, സഹായി ബാലമുരുകൻ, രാജപ്പാളയം സ്വദേശി ശ്രീകൃഷ്ണൻ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ഏഴു മണിക്കൂറോളം ചോദ്യം ചെയ്തത്.
ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് എസ്.ഐ.ടി തലവൻ എസ്. ശശിധരന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഈഞ്ചക്കലിലെ എസ്.ഐ.ടി ഓഫിസിൽ ചോദ്യം ചെയ്യൽ ആരംഭിച്ചത്.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷും സംബന്ധിച്ചു. ഡി മണിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന വിദേശ വ്യവസായിയുടെ മൊഴിയിലെ വസ്തുത തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുകയായിരുന്നു ലക്ഷ്യം. ഓഫിസിൽ ആദ്യമെത്തിയത് മണിയുടെ സുഹൃത്ത് ബാലമുരുകനും ഭാര്യയുമായിരുന്നു. പിന്നീടാണ് അഭിഭാഷകർക്കൊപ്പം മണി എത്തിയത്. ഉച്ചക്ക് ശേഷമാണ് രാജപ്പാളയം സ്വദേശി ശ്രീകൃഷ്ണൻ ഹാജരായത്. ശബരിമല കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിദേശ വ്യവസായിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ എസ്.ഐ.ടി ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.
ഡിസംബർ 25ന് ഡിണ്ടിഗലിലെത്തിയ അന്വേഷണ സംഘം എം.എസ്. മണിയുടെ മൊഴിയെടുത്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ഉള്‍പ്പെടെ ആരെയും അറിയില്ലെന്നും ശബരിമലയുമായോ സ്വർണക്കൊള്ളയുമായോ ബന്ധമില്ലെന്നും താൻ ഡി മണിയല്ല, എം.എസ്. മണിയാണെന്നുമാണ് ഇദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. എന്നാൽ, എസ്.ഐ.ടി ഇതു വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്നാണ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് നൽകിയത്. ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവരുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.