പേരാമ്പ്ര: ശ്രീറാം ഓടിച്ച കാറിടിച്ച് മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിന് ചെറുവണ്ണൂർ കണ്ടീതാഴെ മലയിൽ മഖാമിൽ അന്ത്യവിശ്രമം. ശനിയാഴ്ച രാത്രി തിരൂരിലെ വീട്ടിലെത്തിച്ച മൃതദേഹം ഞായറാഴ്ച പുലർച്ച രണ്ടിന് മഖാമിൽ എത്തിച്ചു.
മിഹ്റാജ് കോമ്പൗണ്ടിൽ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ത്വാഹ തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ മയ്യിത്ത് നമസ്കാരത്തിൽ നിരവധി പേർ പങ്കെടുത്തു. പിതാവ് വടകര മുഹമ്മദ് ഹാജി തങ്ങളുടെ പേരിലുള്ള മഖാമിൽ ഉമ്മയുടെ ഖബറിടത്തിനരികെയാണ് ബഷീറിനും ഇടമൊരുക്കിയത്. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, കെ. മുരളീധരൻ എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കണ്ടീതാഴെയിലെ വീട് സന്ദർശിച്ച് അനുശോചനമറിയിച്ചു.
വാണിയന്നൂര്‍ നടുവട്ടം പരേതനായ വടകര മുഹമ്മദ് ഹാജി തങ്ങളുടെ മകനുമായ കെ.എം. ബഷീറിെൻറ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. സാമൂഹികപ്രവര്ത്തകന് കൂടിയായ ബഷീറിെൻറ തിരുവനന്തപുരത്തെ സാന്നിധ്യം നാട്ടുകാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രികൾ, സെക്രേട്ടറിയറ്റടക്കമുള്ള പ്രധാന ഓഫിസുകള്‍ എന്നിവയുമായി ബന്ധപ്പെടാനും മറ്റും പലപ്പോഴും ബഷീര്‍ തുണയായിരുന്നു. നാല് മാസം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങിയ കുടുംബത്തിെൻറ ഏക ആശ്രയം കൂടിയാണ് നഷ്ടപ്പെട്ടത്.
2003ലാണ് തിരൂരില്‍ സിറാജ് പ്രാദേശിക റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. സഹപ്രവര്‍ത്തകെൻറ വേര്‍പാട് തിരൂരിലെയും പരിസരത്തെയും മാധ്യമ പ്രവര്‍ത്തകര്‍ക്കും വേദനിക്കുന്ന ഓര്‍മയായി. വാണിയന്നൂരിലെ വീട്ടിലും പരിസരത്തെ ഷാദുലി ഹാളിലും ഒരു നോക്കു കാണാന്‍ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന നൂറുകണക്കിന് പേരെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.