ജോസിൻ ബിനോ പാലാ നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു

പാലാ: പാലാ നഗരസഭ അധ്യക്ഷയായി എൽ.ഡി.എഫ് സ്വതന്ത്ര അംഗം ജോസിൻ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഏഴിനെതിരെ 17 വോട്ടിനാണ് ജോസിൻ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി പ്രിൻസ് വി.സിയായിരുന്നു എതിർ സ്ഥാനാർഥി.

തെരഞ്ഞെടുപ്പിൽ 25 പേർ വോട്ട് ചെയ്തു. പ്രതിപക്ഷത്തെ ഒരു അംഗത്തിന്‍റെ വോട്ട് അസാധുവായി. ഒരു വർഷത്തേക്കാണ് ജോസിൻ ബിനോ നഗരസഭ അധ്യക്ഷയാകുക. തുടർന്ന് രണ്ട് വർഷം കേരളാ കോൺഗ്രസ് എം പ്രതിനിധി അധ്യക്ഷ പദവിയിലെത്തും. ബിനു പുളിക്കക്കണ്ടം അടക്കം ആറു കൗൺസിലർമാരാണ് നഗരസഭയിൽ സി.പി.എമ്മിനുള്ളത്. ഇതിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക സ്ഥാനാർഥിയാണ് ബിനു.

കേരള കോൺഗ്രസ് എമ്മിന്‍റെ കടുത്ത സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കിയാണ് സി.പി.എം പാലാ നഗരസഭ അധ്യക്ഷസ്ഥാന​ത്തേക്ക് ജോസിൻ ബിനോയെ തീരുമാനിച്ചത്. സി.പി.എം ചിഹ്നത്തിൽ വിജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാർഥിയാക്കുന്നതിനെതിരെ കേരള കോൺഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ജോസിനെ അധ്യക്ഷയാക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചത്.

സി.​പി.​എം ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക്​ ബി​നു പു​ളി​ക്ക​ക്ക​ണ്ട​ത്തെ​യാ​ണ്​ ആ​ദ്യം സി.പി.എം പ​രി​ഗ​ണി​ച്ച​ത്. എ​ന്നാ​ൽ, കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ബി​നു​വി​നെ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ആ​ശ​യ​ക്കു​ഴ​പ്പം രൂ​പ​പ്പെ​ട്ടു. നഗരസഭ ഹാളിൽവെച്ച് കേരളാ കോൺഗ്രസ് എം അംഗം ബൈജു കൊല്ലംപറമ്പിലിനെ ബിനു പുളിക്കക്കണ്ടം മർദിച്ചതാണ് എതിർപ്പിന് കാരണം.

ത​ങ്ങ​ളു​​ടെ സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കാ​ൻ ആ​രു​ടെ​യും ശി​പാ​ർ​ശ വേ​ണ്ടെ​ന്ന്​ സി.​പി.​എം വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​ത് ഇ​രു​പാ​ർ​ട്ടി​ക​ൾ​ക്കു​മി​ട​യി​ലു​ള്ള ത​ർ​ക്ക​മാ​യി രൂ​പ​പ്പെ​ട്ടു. ഇ​തി​നി​ടെ സി.​പി.​എ​മ്മി​ലും ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് സി.​പി.​എം പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി യോ​ഗം ചേ​രാ​നാ​യി​രു​ന്ന ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ല്‍, ത​ര്‍ക്ക​ത്തി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍ന്ന് വ്യാ​ഴാ​ഴ്ച​ത്തേ​ക്ക്​​ മാ​റ്റു​ക​യാ​യി​രു​ന്നു. തുടർന്ന് ഇന്ന് രാവിലെ നടന്ന യോഗത്തിനൊടുവിൽ ജോസിൻ ബിനുവിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.

പാലാ നഗരസഭ അധ്യക്ഷ സ്ഥാനാർഥി സംബന്ധിച്ച് അന്തർ നാടകങ്ങൾ ഉണ്ടായെന്ന് ബിനു പുളിക്കക്കണ്ടം മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ചിലർക്ക് രണ്ട് മുഖമാണ്. നസ്രത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കരുത്. പാർട്ടി ചട്ടക്കൂടിൽ നിന്ന് മുന്നോട്ട് പോകും. പോരാട്ടത്തിന്‍റെ ദിവസങ്ങളാണ് കടന്നു പോകുന്നത്. വോട്ടെടുപ്പിന് ശേഷം കൂടുതൽ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Josin Bino became the Chairperson of Pala Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.