ജോസഫ് സ്കറിയക്ക് കാലിക്കറ്റിലും നിയമനം നിഷേധിക്കാൻ നീക്കം

കോഴിക്കോട്: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ നിയമിക്കുന്നതിനെതിരെ പരാതി നൽകിയ ഡോ. ജോസഫ് സ്കറിയക്ക് കാലിക്കറ്റ് സർവകലാശാലയിലും നിയമനം നിഷേധിക്കാൻ നീക്കം. മലയാളം പ്രഫസർ തസ്തികയിലേക്ക് ഒന്നാം റാങ്ക് നേടിയ ജോസഫിനെതിരെയാണ് കാലിക്കറ്റ് സിൻഡിക്കേറ്റ് പ്രതികാര നടപടിക്കൊരുങ്ങുന്നത്.

കണ്ണൂരിൽ പ്രിയക്കെതിരെ പരാതി നൽകിയതാണ് ഇടതു സിൻഡിക്കേറ്റിനെ ചൊടിപ്പിച്ചത്. നിയമന അപേക്ഷയിൽ ഇദ്ദേഹം ഓൺലൈനായി സമർപ്പിച്ച പ്രസിദ്ധീകരണ ലേഖനങ്ങളിൽ ഒന്ന് കുറവുണ്ടെന്നതാണ് കാരണമായി പറയുന്നത്. പിന്നീട് ലേഖനം സമർപ്പിച്ചിട്ടുണ്ട്. ഇടക്കാല കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ജോസഫ് സ്കറിയ ഇന്‍റർവ്യൂവിൽ പങ്കെടുത്തത്. ഇടക്കാലവിധിയിൽ ഇനി കോടതിയിൽ വ്യക്തത വരുത്താനേയുള്ളൂ. റാങ്ക് പട്ടികയിൽ ജോസഫ് സ്കറിയക്ക് നിയമനം നൽകുന്നതിനെതിരെ കോടതിയിൽ ഹരജിയുള്ളതിനാലാണ് കാലിക്കറ്റിൽ മലയാളം പ്രഫസർ തസ്തികയിലേക്ക് നിയമനം വൈകിയത്. മറ്റു വിഷയങ്ങളിൽ അഞ്ചു മാസം മുമ്പേ നിയമനം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ റാങ്ക് പട്ടിക വി.സി എം.കെ. ജയരാജ് യോഗത്തിൽ മുദ്രവെച്ച കവറിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഒന്നാം റാങ്കുള്ള ജോസഫ് സ്കറിയയെ നിയമിക്കുന്നതിനെതിരെ കേസുണ്ടെന്ന് സ്റ്റാഫ് കമ്മിറ്റി ഉപസമിതി കൺവീനൻ കെ.കെ. ഹനീഫ യോഗത്തിൽ ചൂണ്ടിക്കാട്ടി. അധ്യാപക നിയമനത്തിനെതിരെ പലതരം കേസുകളുണ്ടെന്നും നിയമനടപടി നോക്കിയിരുന്നാൽ നിയമനം നടക്കില്ലെന്നുമായിരുന്നു വി.സിയുടെ നിലപാട്. സിൻഡിക്കേറ്റ് ഉപസമിതിയെ അറിയിക്കാതെ നിയമന കാര്യം അവതരിപ്പിച്ചത് ശരിയായില്ലെന്ന് ഹനീഫ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിക്കൂട്ടിലായ സംഭവത്തിലെ പരാതിക്കാരനെ നിയമിക്കരുതെന്ന നിലപാട് സി.പി.എമ്മിലുണ്ട്. ഇതിന്‍റെ ഭാഗമായാണ് ഇടത് സിൻഡിക്കേറ്റിന്‍റെ ഉടക്ക്. അടുത്ത സിൻഡിക്കേറ്റ് യോഗം ഈ വിഷയം കൂടുതൽ ചർച്ച ചെയ്യും. അസോസിയേറ്റ് പ്രഫസർ തസ്തികയിൽ റാങ്ക്പട്ടികയിൽ ഇദ്ദേഹം ഒന്നാമതായിരുന്നെങ്കിലും സംവരണക്രമമനുസരിച്ച് പട്ടികജാതി വിഭാഗത്തിൽനിന്നുള്ള ഉദ്യോഗാർഥിക്കാണ് നിയമനം.

Tags:    
News Summary - Joseph Scariak moved to deny appointment to Calicut as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.