കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിൽ; രാജ്യസഭ എം.പി സ്ഥാനം രാജിവെക്കും

കോട്ടയം: ജോസ് കെ. മാണി വിഭാഗം കേരള കോൺഗ്രസ് പാർട്ടി എൽ.ഡി.എഫിൽ ചേർന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ജോസ് കെ. മാണി ആണ് പാർട്ടിയുടെ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് ഇടത് മുന്നണി പ്രവേശനത്തിന് അനുമതി നൽകിയ ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.

മാണി സാറിനെയും തന്നേയും പാർട്ടി നേതാക്കളേയും യു.ഡി.എഫ് അപമാനിച്ചെന്ന് ജോസ് കെ. മാണി പറഞ്ഞു. 38 വർഷം യു.ഡി.എഫിന്‍റെ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നിന്നു. ഒരു പഞ്ചായത്തിന്‍റെ പേരിൽ യു.ഡി.എഫിൽ നിന്നും പുറത്താക്കി. പല തവണ ആവശ്യപ്പെട്ടിട്ടും ചർച്ച ചെയ്യാൻ തയ്യാറായില്ല.

പാല ഉപതെരഞ്ഞെടുപ്പിൽ തങ്ങളെ ചതിച്ചെന്നും നിയമസഭക്ക് അകത്തും അപമാനിച്ചെന്നും ജോസ് കെ. മാണി പറഞ്ഞു. പി.ജെ ജോസഫ് നീചമായ വ്യക്തിഹത്യ ചെയ്തു. പാർട്ടിയെ ഹൈജാക് ചെയ്യാൻ ജോസഫിന് കോൺഗ്രസ് നേതാക്കൾ മൗന പിന്തുണ നൽകി. മാണിസാറിന്‍റെ വീട് മ്യൂസിയം ആക്കണമെന്ന് ആവശ്യപ്പെട്ടു. കോട്ടയം ലോക്സഭാ സീറ്റിനും അവകാശം ഉന്നയിച്ചെന്നും അദ്ദേഹം ആരോപിച്ചു.

കോട്ടയം പാർട്ടി ആസ്ഥാനത്തെ മാണിയുടെ ചിത്രം വെച്ച പുതിയ ബോർഡ്. രണ്ടില ചിഹ്നം ഒഴിവാക്കിയിട്ടുണ്ട് (ചിത്രം: ദിലീപ് പുരക്കൽ)

മാണിയുടെ പാർട്ടിയെ ഇല്ലാതാക്കുക എന്നതാണ് ചിലരുടെ അജണ്ട. ആത്മാഭിമാനം നഷ്ടപ്പെടുത്തി ഇനി യു.ഡി.എഫിനൊപ്പം തുടരില്ല. ഇടതുപക്ഷ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കും. മതേതര വിശ്വാസം കാത്തു സൂക്ഷിക്കുവാൻ ഇടതു മുന്നണിക്ക് സാധിച്ചെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

യു.ഡി.എഫിന്‍റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച രാജ്യസഭ എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു.

അതേസമയം, പാർട്ടി ആസ്ഥാനത്ത് രണ്ടില ചിഹ്നമുള്ള കേരള കോൺഗ്രസ് എമ്മിന്‍റെ ബോർഡ് മാറ്റി മാണിയുടെ ചിത്രം വെച്ച പുതിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. രാവിലെ പാർട്ടി നേതാക്കൾ കെ.എം മാണിയുടെ സ്മൃതി മണ്ഡപത്തിൽ എത്തി പ്രാർഥന നടത്തി.

കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ജോസഫ് വിഭാഗത്തിന് കൈമാറാമെന്ന ധാരണ തെറ്റിച്ച ജോസ് കെ. മാണി വിഭാഗത്തെ ജൂലൈ 29ന് യു.ഡി.എഫിൽ നിന്ന് പുറത്താക്കിയത്.

1979ൽ പി.ജെ.ജോസഫുമായി തെറ്റിപിരിഞ്ഞ കെ.എം മാണി ഇടതു മുന്നണിക്കൊപ്പം പോയിരുന്നു. സമാന രീതിയിലാണ് 41 വർഷത്തിന് ശേഷം മാണിയുടെ മകൻ ജോസ് കെ. മാണി എൽ.ഡി.എഫിൽ എത്തുന്നത്. നിലവിൽ ആർ. ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് ബിയും സ്കറിയ തോമസ് വിഭാഗവും ഇടതു മുന്നണിയുടെ ഭാഗമാണ്. ജോസ് കെ. മാണി വിഭാഗം എത്തുന്നതോടെ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യാമെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.