മുഖ്യമന്ത്രിയുടെ സത്യഹഗ്രഹത്തിന് ജോസ് കെ.മാണി വന്നില്ല, എൽ.ഡി.എഫിന്റെ മേഖല ജാഥയിൽ ക്യാപ്റ്റനാകാനുമില്ല, മുന്നണി ബന്ധം തകരുന്നുവോ..?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിൽ  കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പങ്കെടുത്തില്ല.

സംസ്ഥാനത്തിനെതിരെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടന്ന സമരത്തിൽ മന്ത്രിമാരും ജനപ്രതിനിധികൾ ഉൾപ്പെടെ അണിനിരന്നെങ്കിലും ജോസ് കെ.മാണിയുടെ അസാന്നിധ്യം ചർച്ചയായി. അതേസമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സത്യഗ്രഹ സമരത്തിൽ മന്ത്രി റോഷി അഗസ്റ്റിനും എൻ.ജയരാജും പങ്കെടുത്തിരുന്നു.

കഴിഞ്ഞ രണ്ട് ഇടതുമുന്നണി യോഗത്തിലും പങ്കെടുക്കാതിരുന്ന ജോസ് കെ.മാണി, ഇന്നത്തെ സത്യഗ്രഹത്തിൽ നിന്നും വിട്ടുനിന്നതോടെ മുന്നണിയിൽ വിള്ളലുണ്ടെന്ന അഭ്യൂഹമാണ് ഉയർന്ന് വരുന്നത്. അടുത്ത മാസം നടക്കുന്ന എൽ.ഡി.എഫിന്റെ മേഖല ജാഥയിൽ നിന്നും ജോസ് കെ.മാണി പിന്മാറിയിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് എൽ.ഡി.എഫ് പ്രഖ്യാപിച്ച ജാഥയിൽ ജോസ് കെ.മാണി ക്യാപ്റ്റൻ ആകുമെന്നായിരുന്നു എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ക്യാപ്റ്റനാകാനില്ലെന്ന് ജോസ് കെ.മാണി എൽ.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനുണ്ടെന്നാണ് വിശദീകരണ നല്‍കിയതെങ്കിലും മുന്നണിക്കുള്ളിലെ ആശയ കുഴപ്പമാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ജോസ് കെ.മാണിക്ക് പകരം ചീഫ് വിപ്പ് എൻ.ജയരാജനെ മധ്യമേഖല ജാഥയുടെ ക്യാപ്റ്റനാകാൻ കേരള കോൺഗ്രസ് നിർദേശിച്ചതായും സൂചനയുണ്ട്.

സിപി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് എൽ.ഡി.എഫിന്റെ മറ്റു രണ്ട് മേഖല ജാഥകൾ നയിക്കുന്നത്. വടക്കൻമേഖലാജാഥ ഫെബ്രുവരി ഒന്നിന് മഞ്ചേശ്വരത്തുനിന്നും തെക്കൻമേഖലാജാഥ ഫെബ്രുവരി നാലിന് തൃശ്ശൂർ ചേലക്കരയിൽനിന്നും മധ്യമേഖലാ ജാഥ ആറിന് അങ്കമാലിയിൽനിന്ന് തുടങ്ങും.

ഇതിനിടെ കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് മുസ്ലിംലീഗ് സ്വാഗതം ചെയ്തിട്ടുമുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടി കേരള കോൺഗ്രസിനെ വീണ്ടും കളംമാറ്റി ചവിട്ടാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും പരമ്പരാഗതമായി പാര്‍ട്ടിയെ പിന്തുണക്കുന്ന പല പ്രബല വിഭാഗങ്ങൾ മുന്നണിമാറ്റം സജീവമായി പരിഗണിക്കണമെന്ന് ആവശ്യം നേതൃത്വത്തിനു മുന്നില്‍ വച്ചതായുമാണ് പുറത്തുവരുന്ന വാർത്തകൾ. 

Tags:    
News Summary - Jose K. Mani did not participate in the protest led by the Chief Minister.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.