ജോ ജോസഫ് സഭ സ്ഥാനാർഥിയെന്ന് പറഞ്ഞിട്ടില്ല -വി.ഡി സതീശൻ

എറണാകുളം: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ് സഭ സ്ഥാനാർഥിയെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എമ്മാണ് സഭയെ ഇതിലേക്ക് വലിച്ചിഴച്ചത്. ജില്ലാ കമ്മിറ്റി ഓഫീസുകളിൽ മാത്രം നടത്താറുള്ള സ്ഥാനാർഥി പ്രഖ്യാപനം ഇതാദ്യമായി സി.പി.എം സഭയുടെ സ്ഥാപനത്തിൽവെച്ചു നടത്തി. പുരോഹിതർക്കൊപ്പം ഇരുന്നായിരുന്നു മന്ത്രി രാജീവ് സ്ഥാനാർഥിയെ പരിചയപ്പെടുത്തിയത്. സഭയുടെ സ്ഥാപനത്തെ ദുരുപയോഗം ചെയ്യുകയാണ് രാജീവ് ചെയ്തത്. രാജീവാണ് സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് സഭയെ വലിച്ചിഴച്ചതെന്നും സതീശൻ ആരോപിച്ചു.

എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു പത്രസമ്മേളനം നടത്തിയത്? സി.പി.എമ്മിന്റെ ചരിത്രത്തില്‍ എവിടെയെങ്കിലും പാര്‍ട്ടി കമ്മിറ്റി ഓഫീസിന് പുറത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടോ? മനഃപൂര്‍വം ഈ സ്ഥാനാര്‍ഥി സഭയുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സഭയുടെ പ്ലാറ്റ്‌ഫോമിനെ മന്ത്രി ദുരുപയോഗം ചെയ്യുകയായിരുന്നു. അപ്പോഴാണ് സഭയില്‍ തന്നെയുള്ള ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വരികയും സഭയുടെ സ്ഥാനാര്‍ഥിയല്ലെന്ന് നിലപാടെടുക്കുകയും ചെയ്തത്.

പ്രഖ്യാപനമുണ്ടായി മണിക്കൂറുകള്‍ക്കകം ഈ സ്ഥാനാര്‍ഥി എന്റെ സ്വന്തം പയ്യനാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. എന്നെക്കണ്ട് കെട്ടിപ്പിടിച്ച് ഉമ്മ വച്ചിട്ടാണ് സ്ഥാനാര്‍ഥിയാകാന്‍ എറണാകുളത്തേക്ക് പോയതെന്നാണ് പറഞ്ഞത്. വാ തുറന്നാല്‍ വിഷം മാത്രം വമിക്കുന്ന പി.സി ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചിട്ട് വരുന്നയാളെയാണോ സി.പി.എം സ്ഥാനാര്‍ഥിയാക്കുന്നത്? അതാണ് യു.ഡി.എഫിന്റെ ചോദ്യം -വി.ഡി സതീശൻ പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയവുമായി ബന്ധ​പ്പെട്ട വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴക്കരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താൽപ്പര്യക്കാരാണ്. സഭയാണ് സ്ഥാനാർഥിയെ നിശ്ചയിച്ചതെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

തൃക്കാക്കരയിൽ രാഷ്ട്രീയ പോരാട്ടത്തിൽ നിന്നും സിപിഎം പിന്മാറിക്കഴിഞ്ഞതായി ചെന്നിത്തല ആരോപിച്ചിരുന്നു. രാഷ്ട്രീയ പോരാട്ടമായിരുന്നെങ്കിൽ അരുൺകുമാറിനെ സിപിഎം പിൻവലിക്കില്ലായിരുന്നു. കെ റെയിലിനുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Joe Joseph is not said to be a church candidate - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.