കൊട്ടിയം: നെടുമ്പന കുരീപ്പള്ളി കാട്ടൂരിൽ 14കാരനായ ജിത്തുജോബ് കൊലചെയ്യപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന മാതാവ് ജയമോളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിെൻറ അപേക്ഷ ബുധനാഴ്ച പരവൂർ കോടതി പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യംചെയ്ത ജിത്തുവിെൻറ പിതാവിെൻറയും സഹോദരിയുടെയും മൊഴികളും പൊലീസിനോട് ജയമോൾ പറഞ്ഞ മൊഴിയും തമ്മിൽ വൈരുധ്യമുണ്ടോയെന്ന് പരിശോധിക്കും.
ജയമോളെ കസ്റ്റഡിയിൽ ലഭിച്ചാൽ കുടുംബാംഗങ്ങളൊടൊപ്പം ഇവരെ ചോദ്യംചെയ്യാനും സാധ്യതയുണ്ട്. ജിത്തുജോബിെൻറ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ബിനു പി. ജോൺ വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ അമ്മയുടെയും പൊലീസിെൻറയും ചിലവാദങ്ങൾ നാട്ടുകാരിൽ കൂടുതൽ സംശയങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ജയമോൾക്ക് മാനസികരോഗമുണ്ടെന്ന തരത്തിലുള്ള പ്രചാരണം കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണെന്നാണ് ആരോപണം.
ഭർത്താവിെൻറയും മകളുടെയും മൊഴി അമ്മക്ക് മാനസികപ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു. 14കാരനായ മകനെ പെട്ടെന്നുള്ള പ്രകോപനത്തിൽ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ച് പറമ്പിൽ ഉപേക്ഷിച്ചെന്നാണ് ജയമോൾ പറയുന്നത്. എന്നാൽ ജയമോൾ ഒറ്റക്കാണ് കൃത്യം നടത്തിയതെന്ന് വിശ്വസിക്കാനാകില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ജയമോൾക്ക് വീടുമായി ഏറ്റവും അടുത്ത് ബന്ധംപുലർത്തുന്ന ആരുടെയോ സഹായം കിട്ടിയിട്ടുണ്ടെന്നാണ് ഇവരുടെ സംശയം.
കൊലനടത്തിയ അന്നുതന്നെ മൃതദേഹം കത്തിച്ചെങ്കിലും പിന്നീട് എേപ്പാഴോ പറമ്പിൽ ഉപേക്ഷിച്ചതാവാമെന്നാണ് നാട്ടുകാർ പറയുന്നത്. കൊല നടന്ന തിങ്കളാഴ്ച തന്നെ മൃതദേഹം ഉപേക്ഷിച്ചിരുന്നെങ്കിൽ ആളൊഴിഞ്ഞ പറമ്പായതിനാൽ നായ്ക്കളും കാക്കകളും ചേർന്ന് മൃതദേഹം കടിച്ച് വലിക്കുമായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. ആരുടെയോ നിർദേശപ്രകാരമാണ് പ്രതി ജയമോളുടെ ഭർത്താവും മകളും അമ്മക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന മൊഴി കൊടുത്തെതന്നാണ് പലരും സംശയിക്കുന്നത്. കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന കാഴ്ചപ്പാടിലാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുന്നത്.
കസ്റ്റഡിയിൽ ലഭിച്ചാൽ പ്രതി ജയമോളുടെ മാനസികനില വീണ്ടും പരിശോധിച്ചേക്കും. പൊലീസ് തന്നെ മർദിച്ചെന്ന ജയമോളുടെ കോടതിയിലെ വെളിപ്പെടുത്തൽ പൊലീസ് ഗൗരവമായാണ് കാണുന്നത്. ആരുടെയെങ്കിലും നിർദേശപ്രകാരമാണോ ഇവർ കോടതിയിൽ ഇക്കാര്യം പറഞ്ഞതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.