പാലാ: ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളിയങ്കണം ഈസ്റ്റർ തലേന്ന് കണ്ണീരിലമർന്നു. പ്രാർഥനയോടെ കടന്നുവന്നിരുന്ന പള്ളിമുറ്റത്തേക്ക് അവസാനമായി ജിസ്മോളും കുരുന്നുകളുമെത്തിയത് ജീവനറ്റാണ്. ബന്ധുക്കളും നാട്ടുകാരുമടക്കം പ്രിയപ്പെട്ടവർ അടക്കിപ്പിടിച്ച നിലവിളികളോടെ സഹയാത്രയൊരുക്കി. ശുശ്രൂഷകൾക്കൊടുവിൽ നാലും ഒന്നും വയസ്സുള്ള കുരുന്നുകളും മാതാവും ഒറ്റക്കല്ലറയിൽ മണ്ണിലേക്ക്. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് അഡ്വ. ജിസ് മോള് തോമസ്, മക്കളായ നേഹ മരിയ, നോറ ജിസ് ജിമ്മി എന്നിവരുടെ മൃതദേഹങ്ങൾ സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിലെ ഒറ്റക്കല്ലറയിൽ അടക്കിയത്.
നാടിന്റെ നൊമ്പരമായി മാറിയ അമ്മയെയും പിഞ്ചോമനകളെയും കാണാൻ വീട്ടിലും പള്ളിയിലും നിരവധി പേരാണെത്തിയത്. ഭർത്താവിന്റെ ഇടവക പള്ളി പാരിഷ് ഹാളിലും ഒരു മണിക്കൂർ നേരം പൊതുദർശനം ഉണ്ടായിരുന്നു. അതേ സമയം ഭർതൃവീട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോയില്ല. പാലായിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ ഒമ്പതോടെയാണ് പൊതുദർശനത്തിനു വേണ്ടി പുറത്തെടുത്തത്.
തുടർന്ന് ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയായ നീറിക്കാട് പള്ളിയുടെ പാരിഷ് ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. ജിമ്മിയും മാതാവും അടക്കം ബന്ധുക്കൾ ഇവിടെയെത്തിയാണ് മൃതദേഹങ്ങൾ കണ്ടത്. പൊട്ടിക്കരഞ്ഞാണ് ജിമ്മി അന്ത്യോപചാരമർപ്പിച്ചത്. 10.30 വരെ ഇവിടെ പൊതുദർശനം നടന്നു. ഭർതൃവീട്ടിലേക്ക് കൊണ്ടുപോകുന്നതിന് ജിസ്മോളുടെ വീട്ടുകാർ നേരത്തെ തന്നെ എതിർപ്പ് അറിയിച്ചിരുന്നു.
11 മണിയോടെ ചെറുകരയിലെ ജിസ്മോളുടെ തറവാട്ടു വീട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവന്നു. കുഞ്ഞുങ്ങളുടെ ചേതനയറ്റ മുഖം കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും സങ്കടം സഹിക്കാനാവാതെ അലമുറയിട്ടു. മൂന്നിനാണ് സംസ്കാരം തീരുമാനിച്ചിരുന്നതെങ്കിലും അവസാനമായി കാണാനെത്തുന്നവരുടെ ഒഴുക്ക് തുടർന്നപ്പോൾ നാലുമണിയോടെയാണ് മൃതദേഹങ്ങൾ പള്ളിയിലേക്ക് എടുക്കാനായത്. ബന്ധുക്കളുടെ എതിർപ്പിനെതുടർന്നാണ് ജിമ്മിയുടെ ഇടവകപ്പള്ളി ഒഴിവാക്കി ജിസ്മോളുടെ ഇടവകപ്പള്ളിയിൽ സംസ്കരിക്കാൻ തീരുമാനിച്ചത്. 15നാണ് ജിസ്മോൾ രണ്ടു കുരുന്നുകളുമായി ഏറ്റുമാനൂർ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവിൽനിന്ന് മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.
മുത്തോലി പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് ആയിരുന്നു ജിസ്മോള്‍. ഭർത്താവ് ജിമ്മിയുടെ വീട്ടുകാരുമായി ഉണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ജിസ്മോളുടെ കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസം ജിമ്മിയുടെ നീറിക്കാട്ടെ വീട്ടിൽ പരിശോധന നടത്തിയ ഏറ്റുമാനൂർ പൊലീസ് ബന്ധുക്കളിൽനിന്നും അയൽവാസികളിൽനിന്നും മൊഴിയെടുക്കുകയും ജിസ്മോളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.