കോട്ടയം: വിവാഹ ദിവസം കടപ്ലാമറ്റം ഇലക്കാട് പള്ളിമുറ്റത്തേക്ക് എത്തിയത് ജിജോയുടെ ചേതനയറ്റ ശരീരം. പങ്കാളിയുടെ കൈപിടിച്ച് പുതുജീവിതത്തിലേക്ക് കടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. ബുധനാഴ്ച രാത്രി കാളികാവ് പള്ളിക്കുസമീപം വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയില്‍ ജിജോ ജിന്‍സൺ (21) മരിച്ചത്.
ഇലക്കാട് പള്ളിയിൽ വ്യാഴാഴ്ച രാവിലെ 10നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. മരണവാർത്തയറിഞ്ഞ് പ്രതിശ്രുതവധു ബോധരഹിതയായി. വാർത്ത ഏവരെയും കണ്ണീരിലാഴ്ത്തി. അമ്മയും സഹോദരിമാരും പ്രതിശ്രുതവധുവും ഹൃദയംപൊട്ടുന്ന വേദനയിലാണ് അന്ത്യചുംബനം നൽകി ജിജോയെ യാത്രയാക്കിയത്.
വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോയിവരുന്നതിനിടെ ജിജോ സഞ്ചരിച്ച ബൈക്കില്‍ ട്രാവലർ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജിത്തിന് ഗുരുതര പരിക്കേറ്റു. ഇരുവരും ഒരുമിച്ച് ഫ്ലിപ്കാർട്ടിലാണ് ജോലിചെയ്തിരുന്നത്.
ജിജോയും പ്രതിശ്രുത വധുവും ഏറെനാളായി പ്രണയത്തിലായിരുന്നു. തുടർന്ന് ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. രണ്ടുവർഷമായി മാതാവ് നിഷയുടെ വീട്ടിലാണ് ജിജോയും കുടുംബവും താമസിച്ചിരുന്നത്. വീട്ടിലെ സംസ്കാരശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച വൈകീട്ട് നാലിന് ഇലക്കാട് സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി. സഹോദരിമാര്‍: ദിയ, ജീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.