തിരുവനന്തപുരം: ഇത്തവണ കന്നിവോട്ടർമാർക്ക് ‘മധുരമുള്ള വോട്ട്’. ‘മധുരമുളള വോട്ട്' തെരഞ്ഞെടുപ്പ് കാമ്പയിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തെത്തിയ സാഹചര്യത്തിലാണിത്. കന്നി വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ ഹല്‍വ വിതരണം ചെയ്യാനാണ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലാണ് യുവ വോട്ടര്‍മാര്‍ക്ക് മധുരം നല്‍കുക. യുവാക്കളെ തെരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കാനാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്കി. 4.66 ലക്ഷത്തിലധികം വരുന്ന കന്നി വോട്ടര്‍മാരാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകുന്നത്.
കേരളത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ ജെന്‍സി വോട്ടര്‍മാര്‍ നിര്‍ണായക ഘടകമാകും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പ്രസിദ്ധീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍പട്ടിക പ്രകാരം 4,66,408 കന്നി വോട്ടര്‍മാരാണ് സംസ്ഥാനത്തുളളത്. ഇവര്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെയും വിധി നിര്‍ണയത്തില്‍ പ്രധാന പങ്കുവഹിക്കും. ഏപ്രില്‍ ഒന്‍പതിനാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍.
തലവിധി കുറിക്കാൻ 2.71 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക്
തിരുവനന്തപുരം: കത്തിപ്പടർന്ന പ്രചാരണ ദിനങ്ങൾക്കും തലനാരിഴകീറിയുള്ള കണക്കുകൂട്ടലുകൾക്കും പിന്നാലെ രാഷ്ട്രീയ കേരളത്തിന്റെ തലവിധി കുറിക്കാൻ 2.71 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക്. ഇളക്കിമറിച്ചുള്ള പ്രചാരണത്തിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികളെങ്കിലും ജനവിധിയെക്കുറിച്ച ആകാംക്ഷയും ഉത്കണ്ഠയും എല്ലാവർക്കുമുണ്ട്. വോട്ടുറപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലായിരുന്നു നിശ്ശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ രാഷ്ട്രീയ ക്യാമ്പുകൾ. അടിയൊഴുക്കുകൾ തിരിച്ചറിയാനും വഴിമാറ്റാനുമുള്ള പരക്കംപാച്ചിലുകളുടെ ദിനം കൂടിയായിരുന്നു ബുധൻ.
വ്യാഴാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികൾ ജനവിധി തേടുന്നു. ബുധനാഴ്ച ഉച്ചയോടെതന്നെ സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. 1.46 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഡീലും അനൗൺസ്മെന്റ് വിവാദവും മുതൽ ശബരിമലയും വയനാട് ഫണ്ട്പിരിവും ഡാം തുറക്കലും ഡാഷ് മോൻ വിളിയും വരെ മാറിമറിഞ്ഞ വിഷയങ്ങളുടെ മുൾമുനയിലായിരുന്നു 23 പ്രചാരണ ദിനങ്ങൾ.
പാലക്കാട്ടെ ‘വോട്ടിന് നോട്ട്’ വിവാദവും രാഷ്ട്രീയമായി കൊമ്പുകോർക്കലുകളും നിശബ്ദ പ്രചാരണ ദിനത്തെ ബഹളമയവും ചടുലവുമാക്കി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പ്രചാരണത്തിന് സമയം കുറവായിരുന്നുവെങ്കിലും വേഗത്തിലാണ് തെരഞ്ഞെടുപ്പ് കളം സജീവമായതും ഇളകിമറിഞ്ഞതും. നിശ്ശബ്ദ പ്രചാരണ ദിനത്തിൽ ആടിനിൽക്കുന്ന വോട്ടുകൾ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളിലായിരുന്നു രാഷ്ട്രീയ പാർട്ടികൾ. മണ്ഡലത്തിലെ വോട്ട് സ്വാധീനിക്കാൻ കഴിയുന്ന പ്രമുഖരെ സന്ദർശിക്കലായിരുന്നു ബുധനാഴ്ച സ്ഥാനാർഥികളുടെ പ്രധാന അജണ്ട. വോട്ടർമാരുടെ മനസ്സ് കീഴടക്കാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റിയെന്നാണ് മുന്നണികളുടെയെല്ലാം ആത്മവിശ്വാസം.
30,495 ബൂത്തുകളാണ് ക്രമീകരിച്ചത്. നിശ്ശബ്ദ പ്രചാരണത്തിന് പിന്നാലെ ഔട്ടർ ബൂത്തുകൾ ക്രമീകരിക്കാനുള്ള തിരക്കിലായിരുന്നു പാർട്ടി പ്രവർത്തകർ. വോട്ടെടുപ്പ് ദിനത്തിൽ പാർട്ടികളുടെ ശക്തിപ്രകടനം പ്രതിഫലിക്കുക ഔട്ടർ ബൂത്തുകളിലെ സജീവതയിലാണ്. 76 ശതമാനമായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ്. ഇത് 85 ശതമാനത്തിലേക്കുയർത്തൽ ലക്ഷ്യമിട്ട് വിപുലമായ പ്രചാരണ പരിപാടികളാണ് തെരഞ്ഞെടുപ്പ് കമീഷന്റെ മുൻകൈയിൽ നടന്നത്.
ഭരണവിരുദ്ധ വികാരത്തെ വികസനവും ക്ഷേമവുംകൊണ്ട് മറികടന്ന് ചരിത്രപരമായ ഭരണത്തുടർച്ച ഉറപ്പിക്കുകയാണ് ഇടതുമുന്നണി ലക്ഷ്യം. ഡീൽ ആരോപണങ്ങളിൽ ഇടതുമുന്നണിയെ കുരുക്കിയും അഞ്ച് വമ്പൻ ഗ്യാരന്റികളിൽ ജനവിശ്വാസമാർജിച്ചും അധികാരത്തിലേക്കുള്ള തിരിച്ചുവിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ശക്തമായ സാന്നിധ്യമറിയിക്കാൻ എൻ.ഡി.എയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.