ജയരാജന്റെ തള്ളിപ്പറയല്‍ കൊലയുമായി നടക്കുന്ന ഡി.വൈ.എഫ്‌.ഐക്കാരുടെ കണ്ണുതുറപ്പിക്കണം -കെ. സുധാകരന്‍

ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള സംഘത്തെ സി.പി.എം നേതാവ് പി. ജയരാജന്‍ തള്ളിപ്പറഞ്ഞ സംഭവം കൊല്ലും കൊലയുമായി നടക്കുന്ന എല്ലാ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരുടെയും കണ്ണുതുറപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കാര്യം കഴിയുമ്പോള്‍ കറിവേപ്പിലപോല സി.പി.എം നേതാക്കള്‍ വലിച്ചെറിയുമെന്നു തിരിച്ചറിഞ്ഞ് ഇനി കൊലക്കത്തിയെടുക്കില്ലെന്നു നിങ്ങള്‍ പ്രതിജ്ഞയെടുക്കണം.

'കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയിനടന്നു കൊല്ലിച്ചതും നീയേ ചാപ്പാ' എന്നതിനൊപ്പം 'തള്ളിപ്പറഞ്ഞതും നീയേ ചാപ്പാ' എന്നു കൂട്ടിച്ചേര്‍ത്താല്‍ പഴഞ്ചൊല്ല് പൂര്‍ണമാകും. ഷുഹൈബിന്റെ കൊലയാളികള്‍ക്ക് ഇക്കാലമത്രയും പണവും സംരക്ഷണവും നല്കിയ ശേഷമാണ് ഇപ്പോള്‍ സി.പി.എം അവരുടെ മുമ്പില്‍ പത്തിമടക്കിയത്. ഷുഹൈബ് കേസ് അന്വേഷണം മുകളിലുള്ളവരിലേക്ക് നീളാതെ സംരക്ഷിച്ചത് ഈ കൊലയാളി സംഘമാണ് എന്ന വസ്തുതപോലും നേതാക്കള്‍ മറന്നു. ആകാശിന്റെ പിതാവിനെ മുന്നിലിരുത്തിയാണ് തനിക്ക് ഇടംവലം നിന്നവരെ ജയരാജന്‍ നിഷ്‌കരുണം തള്ളിപ്പറഞ്ഞത്. ചതിയന്‍ ചന്തുചേകവര്‍ പോലും നാണംകെട്ട ഈ മലക്കംമറിച്ചിലിനു മുന്നില്‍ ഇനിയും നിശബ്ദത തുടരണോയെന്ന് അവര്‍ തീരുമാനിക്കട്ടെ.

കണ്ണൂരില്‍ സി.പി.എം നടത്തിയ അരുംകൊലകളില്‍ പൊലീസ് ഒരിക്കലും യഥാര്‍ത്ഥ പ്രതികളെ പിടികൂടിയിരുന്നില്ല. വ്യാജപ്രതികളെ പൊലീസിനു വിട്ടുകൊടുത്തും കേസ് നടത്തിയും കേസില്‍ കൃത്രിമം കാട്ടിയും സി.പി.എം അവര്‍ക്ക് കനത്ത സംരക്ഷണം നല്കിയിരുന്നു. ഈ സംരക്ഷണമാണ് നിരവധി യുവാക്കളെ അക്രമത്തിലേക്കു തിരിച്ചുവിട്ടത്. എന്നാല്‍ ഇപ്പോള്‍ കാര്യം കഴിഞ്ഞാല്‍ കറിവേപ്പിലയാക്കുന്ന പുതിയ രാഷ്ട്രീയലൈനിലേക്ക് സി.പി.എം മാറിയിരിക്കുന്നു.

സി.പി.എമ്മിന്റെ കൊലക്കത്തി താഴെയിട്ട് രാഷ്ട്രീയ എതിരാളികളോട് ആശയപരമായി സംവദിക്കാനും സമാധാനപരമായി പൊതുപ്രവര്‍ത്തനം നടത്താനും തയാറായി വന്നാല്‍ കോണ്‍ഗ്രസ് അവര്‍ക്ക് സംരക്ഷണം നല്കാന്‍ തയാറാണെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Jayarajan's denial should open the eyes of the DYFI activists who are carrying out the murder -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.