കോഴിക്കോട്: പാർലമെന്റ് സമ്മേളനം കഴിഞ്ഞ് ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കൾക്കായി സ്പീക്കർ നടത്താറുള്ള പതിവ് ചായ സൽക്കാരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രിയങ്ക ഗാന്ധി പങ്കെടുത്തതിനെ വിമർശിച്ച ജോൺ ബ്രിട്ടാസ് എം.പിക്കെതിരെ എഴുത്തുകാരൻ സി.എന്‍. ജയരാജൻ. മോദിയുടെ യുദ്ധ മാഹാത്മ്യം പറയാൻ വിദേശ രാജ്യങ്ങളിൽ പോയ ബ്രിട്ടാസിന്, പി.എം ശ്രീക്ക് വേണ്ടി ബ്രിഡ്ജ് ആയി പ്രവർത്തിച്ചു എന്ന പ്രത്യേക പരാമർശം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് രാജ്യസഭയിൽ വെച്ച് സ്വീകരിച്ച ബ്രിട്ടാസിന്, എന്തുകൊണ്ട് ഈ പരാമർശങ്ങൾ ഇംഗ്ലീഷിൽ എ.എൻ.ഐയോടോ മറ്റോ പറയുകയോ സ്വന്തം ട്വിറ്ററിൽ എഴുതുകയോ ചെയ്തില്ല -എന്ന് സി.എന്‍. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
പുടിനും മോദിയും തമ്മിൽ നടക്കുന്ന സംഭാഷണങ്ങളെ സ്വാഗതം ചെയ്ത ബ്രിട്ടാസ്, മോദിയെ ലോകം ചുറ്റി നടക്കുന്നതിലോ പാർലമെന്‍റിൽ കയറാത്തതിലോ പോകട്ടെ, ഇത്രയും ജനവിരുദ്ധ നയങ്ങൾ നടപ്പാക്കിയതിന്‍റെ പേരിലെങ്കിലും പേരെടുത്ത് വിമർശിച്ചതായി അറിവില്ലെന്നും സി.എന്‍. ജയരാജൻ വിമർശിക്കുന്നു. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും ജനങ്ങൾക്കിടയിൽ ബ്രിട്ടാസ് പോയതായി അറിയില്ലെന്നും സി.എന്‍. ജയരാജൻ കുറ്റപ്പെടുത്തുന്നു.
ഫേസ്ബുക്ക് കുറിപ്പ്
ബ്രിട്ടാസ് എന്തിനുള്ള പുറപ്പാട് ആണെന്ന് മനസ്സിലാവുന്നില്ല...
പാർലമെൻ്റിൽ കയറാതെ ബി എം ഡബ്ളിയു വിൽ കയറി നടക്കുന്ന രാഹുൽ...
ലോക സഭാ സ്പീക്കറുടെ ചായ സൽക്കാരത്തിൽ പങ്കെടുത്ത നാണമില്ലാത്ത പ്രിയങ്ക...
മോദിയുടെ യുദ്ധ മാഹാത്മ്യം പറയാൻ വിദേശ രാജ്യങ്ങളിൽ പോയ ബ്രിട്ടാസിന്, പി.എം ശ്രീയ്ക്ക് വേണ്ടി ബ്രിഡ്ജ് ആയി പ്രവർത്തിച്ചു എന്ന പ്രത്യേക പരാമർശം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് രാജ്യസഭയിൽ വെച്ചു സ്വീകരിച്ച ബ്രിട്ടാസിന്, എന്തു കൊണ്ട് ഈ പരാമർശങ്ങൾ ഇംഗ്ലീഷിൽ ANI യോടോ മറ്റോ പറയുകയോ സ്വന്തം ട്വീറ്ററിൽ എഴുതുകയോ ചെയ്തില്ല എന്നതാണ് എനിക്ക് മനസ്സിലാവാത്തത്.
പുടിനും മോദിയും തമ്മിൽ നടക്കുന്ന സംഭാഷണങ്ങളെ സ്വാഗതം ചെയ്ത ബ്രിട്ടാസ് മോദിയെ ലോകം ചുറ്റി നടക്കുന്നതിലോ പാർലമെൻ്റിൽ കയറാത്തതിലോ പോകട്ടെ, ഇത്രയും ജനവിരുദ്ധ നയങ്ങൾ നടപ്പാക്കിയതിൻ്റെ പേരിലെങ്കിലും മോദിയെ പേരെടുത്ത് വിമർശിച്ചതായി അറിവില്ല...
പ്രിയങ്കയും രാഹുലും ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളാണ്... അവർ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്നവരാണ്...
അവരെ വിമർശിക്കണം... അവരുടെ രാഷ്ട്രീയ നിലപാടുകളെ അടക്കം ശക്തമായി വിമർശിക്കണം...
ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും ജനങ്ങൾക്കിടയിൽ ബ്രിട്ടാസ് പോയതായി എനിക്കറിയില്ല...
അതിനാൽ ബ്രിട്ടാസ് തൻ്റെ വിമർശനങ്ങൾ മലയാളത്തിൽ പറയാതെ ഇംഗ്ലീഷിൽ പറയുകയും എഴുതുകയും ചെയ്യട്ടെ...
ഇതേ വിഷയത്തിൽ ജോൺ ബ്രിട്ടാസ് എം.പിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോൺ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പ്രിയങ്ക ഗാന്ധിയോട് ഉളുപ്പുണ്ടോ എന്ന് ചോദിച്ചത് ഒന്ന് കണ്ണാടി നോക്കി പറയുന്നതാവും ബ്രിഡ്ജാസിന് നല്ലത് എന്നാണ് ജിന്‍റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചത്.
പി.എം ശ്രീയിലൂടെ സംഘപരിവാർ പദ്ധതി നടപ്പാക്കാൻ ഒളിച്ചിരുന്ന് പാലം പണി നടത്തിയിട്ട് മുങ്ങി നടന്ന മുന്ന ഇന്ന് വെളിച്ചത്ത് ചായ കുടിക്കുന്നതിന്റെ ഉളുപ്പ് അളക്കാൻ നടക്കുന്ന ഉളുപ്പില്ലാത്ത ഈ ബ്രിഡ്ജാസ് അക്ഷരാർത്ഥത്തിൽ പിണറായിസ്റ്റ് അടിമയാണ്. പിണറായിക്ക് കൈവിലങ്ങിലാതെ വഴിനടക്കാൻ ബ്രിഡ്ജാസ് കെട്ടിപ്പൊക്കിയ പാലത്തിന്റെ കൈവരികളിൽ ആർ.എസ്.എസിന്റെ പതാകയാണ് പാറി പറക്കുന്നത് -ജിന്‍റോ ജോൺ വിമർശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.