പാലക്കാട്: യു.പി.എ സർക്കാർ തുടക്കമിട്ട ജൻ ഒൗഷധി മെഡിക്കൽ സ്റ്റോറുകളുടെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും പ്രചാരണ തന്ത്രം. ഇതിനകം വൻ സ്വീകാര്യത നേടിയ ജൻ ഒൗഷധി സ്റ്റോറുകളുടെ പേര് പ്രധാനമന്ത്രി ഭാരതീയ ജൻ ഒൗഷധി കേന്ദ്ര (പി.എം.ജെ.എ.കെ.) എന്നാക്കാൻ കേന്ദ്ര ഫാർമസ്യൂട്ടിക്കൽ മന്ത്രാലയം നിർദേശം നൽകി. മൻമോഹൻ സിങ് സർക്കാർ ആരംഭിച്ച ജൻ ഒൗഷധി സ്കീമിെൻറ പേര് പ്രധാനമന്ത്രി ഭാരതീയ ജൻ ഒൗഷധി പരിയോജന (പി.എം.ബി.ജെ.പി) എന്നും പുനർനാമകരണം ചെയ്തിട്ടുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആരോഗ്യപദ്ധതികളുടെ പേര് മാറ്റിയുള്ള ബി.ജെ.പിയുടെ പ്രചാരണ തന്ത്രം. ഇതിനകം തുറന്ന ജൻ ഒൗഷധി സ്റ്റോറുകളുടെ ബോർഡ് മാർച്ച് 31നകം മാറ്റി പുതിയത് വെക്കാൻ നിർദേശമുണ്ട്. ഇതിനായി ഒാരോ സ്റ്റോറിനും 7500 രൂപ വീതം അനുവദിക്കും.
മാർച്ച് അവസാനം രാജ്യത്ത് 1000 ജൻ ഒൗഷധി കേന്ദ്രങ്ങൾ ഒറ്റ ദിവസം തുറക്കുമെന്നും ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള ജനറിക് അലോപ്പതി മരുന്നുകൾ ലഭ്യമാക്കുക ലക്ഷ്യമിട്ട് 2008ൽ ഒന്നാം യു.പി.എ സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ഔഷധി യോജന. കേന്ദ്ര ഫാർമസ്യൂട്ടിക്കൽ മന്ത്രാലയത്തിന് കീഴിലെ ബ്യൂറോ ഓഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ് ഓഫ് ഇന്ത്യയുടെ (ബി.പി.പി.ഐ) നിയന്ത്രണത്തിലാണിത്. ബ്രാൻറ് നാമം ഇല്ലാത്ത മരുന്നുകളാണ് ജൻ ഔഷധി വഴി വിലകുറച്ച് നൽകുന്നത്. 520 തരം ജീവൻ രക്ഷ മരുന്നുകളും 152 സർജിക്കൽ ഉപകരണങ്ങളും 50 മുതൽ 70 ശതമാനം വരെ വിലക്കിഴിവിലാണ് ലഭ്യമാക്കുന്നത്.
പ്രമേഹം, പ്രഷർ, കൊളസ്േട്രാൾ തുടങ്ങി ജീവിതശൈലി രോഗങ്ങൾക്ക് ഉൾപ്പെടെയുള്ള ഗുളികകളും ആൻറിബയോട്ടിക്കുകളും കുറഞ്ഞ നിരക്കിൽ ജൻ ഔഷധിയിൽ ലഭ്യമാണ്. കേരളത്തിലാണ് എറ്റവും കൂടുതൽ സ്റ്റോറുകളുള്ളത്^ 170 എണ്ണം. രാജ്യത്താകെ നിലവിൽ 900 സ്റ്റോറുകളുണ്ട്. ബി.ജെ.പിയുടെ മുതലെടുപ്പ് തടയാൻ സംസ്ഥാന സർക്കാർ ‘കേരള ജനറിക്സ്’ എന്ന േപരിൽ ജനറിക് മരുന്നുവിൽപന കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.