'തട്ടമിട്ട കൂട്ടുകാരുണ്ടോ കലാലയത്തിൽ, മരണം പിന്നാലെയുണ്ട്'; സിദ്ധാർഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ ജാമിദക്കെതിരെ കേസ്

കൽപ്പറ്റ: പൂ​ക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബർക്കെതിരെ കേസെടുത്തു. ജെ. ജാമിദക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്.  യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ്. വൈത്തിരി എസ്.ഐ പ്രശോഭ് പി.വി ആണ് വിഷയത്തിൽ സ്വമേധയാ കേസെടുത്തത്. സോഷ്യല്‍ മീഡിയാ സൈബര്‍ പട്രോളിങ് നടത്തവെയാണ് വൈത്തിരി എസ്.ഐ. പ്രശോഭ് പി.വി വീഡിയോ ശ്രദ്ധിച്ചത്.

'തട്ടമിട്ട കൂട്ടുകാരുണ്ടോ കലാലയത്തിൽ, മരണം പിന്നാലെയുണ്ട്' എന്ന തലക്കെട്ടോടെ ഇരു മതവിഭാഗങ്ങൾക്കിടയിലുള്ള ഐക്യം തകർത്ത് മധസ്പർധയും കലാപവും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയും കരുതലോടെയും വിഡിയോ ചെയ്ത് പോസ്റ്റ് ചെയ്‌തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

വിഷയത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ നിരവധി വിഡിയോകളാണ് ജാമിദ യൂട്യൂബിൽ പ്രസിദ്ധീകരിച്ചത്. സിദ്ധാർഥനെ കൊല്ലുന്നത് കണ്ടാസ്വദിച്ച തട്ടമിട്ടവളുമാരെ തൂക്കിക്കൊല്ലണം, സിദ്ധാർഥനെ കൊന്നിട്ടും തട്ടമിട്ടവളുമാർക്ക് പകതീർന്നില്ല, കൊന്നിട്ടും തിന്നിട്ടും ഉമ്മച്ചിക്കുട്ടികൾക്ക് പകയും കലിയും അടങ്ങുന്നില്ല, തട്ടമിട്ട രണ്ടു കുട്ടികൾ സിദ്ധാർഥന്റെ നിലവിളി കണ്ടാസ്വദിച്ചു തുടങ്ങിയുള്ള തലക്കെട്ടുകളിലാണ് വിവിധ വിഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിണറായി വിജയനെ മുൻസീറ്റിൽ ഇരുത്തി സമസ്തയാണ് കേരളം ഭരണം നിയന്ത്രിക്കുന്നതെന്ന് നേരത്തെ ഇവർ ആരോപിച്ചിരുന്നു.

Tags:    
News Summary - Jamida, who spread hate propaganda on Siddharth's death, was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.