മലപ്പുറം: പാർട്ടിയെ സംബന്ധിച്ച് എന്തു പ്രശ്നം വന്നാലും സി.പി.എം ഉപയോഗിക്കുന്ന ക്യാപ്സ്യൂളാണ് ജമാഅത്തെ ഇസ്ലാമിയെന്നും എന്നാൽ എല്ലാ അസുഖങ്ങൾക്കും ആ ക്യാപ്സ്യൂൾ മതിയാകില്ലെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീഹ്മാൻ. യഥാർഥ പ്രശ്നങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനാണ് സർക്കാറും സി.പി.എമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പൊലീസുമായും സ്വർണക്കള്ളക്കടത്തുമായും ബന്ധപ്പെട്ട് ഉയർന്നുവന്ന വളരെ ഗൗരവമായ വിമർശനങ്ങളെ ശരിയായി പരിശോധിക്കുന്നതിന് പകരം വളരെ അപകടകരമായ ആഖ്യാനം രൂപപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നത്. സംഘ് പരിവാറിന് ആയുധംകൊടുക്കാനാണ് മുഖമന്ത്രി ദ ഹിന്ദുവിന് അഭിമുഖം നൽകിയത്. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ സംഘ് പരിവാറും കേന്ദ്ര സർക്കാറും നാളെ കേരളത്തിന് നേരെ ഉപയോഗിക്കും. അഭിമുഖത്തിൽ പി.ആർ. ഏജൻസിയുടെ ഇടപെടൽ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മറുപടിയില്ല. പി.ആർ. ഏജൻസിക്ക് പിന്നിൽ ആരാെണന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുജീബ്റഹമാൻ ആവശ്യപ്പെട്ടു.
സംഘ് പരിവാർ കാലങ്ങളായി ഉയർത്തിയ ആശയങ്ങളാണ് സി.പി.എം ബോധപൂർവ്വം മലപ്പുറത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നത്. സി.പി.എം നേതാക്കൾ നേരത്തെയും മുസ്ലിം സമുദായത്തെ അപരവത്കരിക്കുന്ന രീതിയിൽ സംസാരിച്ചിട്ടുണ്ട്. ഗെയിൽ സമരക്കാരെ തീവ്രവാദികളാക്കിയതും മാഷാ അല്ലാ സ്റ്റിക്കറും കാഫിർ സ്ക്രീൻഷോട്ടുമെല്ലാം ഇസ്ലാമോഫോബിയ സൃഷ്ടിച്ച് മുസ്ലിംസമുദായത്തെ അപരവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അമീർ ആരോപിച്ചു.
രാഷ്ട്രീയ പ്രതിസന്ധിയിൽനിന്നും രക്ഷപ്പെടാൻ സാമുദായിക ധ്രുവീകരണത്തിനാണ് സി.പി.എം ശ്രമിക്കുന്നത്. എട്ടു വർഷം കൂടെ നിന്ന പി.വി. അൻവർ പുറത്തുപോയപ്പോൾ തീവ്രവാദിയായി. രാഷ്ട്രീയ എതിരാളികൾക്കുനേരെ വർഗീയ ചാപ്പ അടിക്കുന്നത് രാഷ്ട്രീയ സദാചാരമില്ലായ്മയാണ്. സ്വർണ്ണകടത്തു കേസിൽ എന്തുകൊണ്ട് കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുന്നില്ല? പൂരംകലക്കാൻ നേതൃത്വംകൊടുത്ത എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ മാറ്റാൻ മുഖ്യമന്ത്രി എന്തുെകാണ്ട് തയ്യാറാകുന്നില്ല? ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി ചർച്ച നടത്തിയത് എന്തിനാണെന്ന് വെളിപ്പെടുത്തണമെന്നും മുജീബ്റഹ്മാൻ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജില്ല പി.ആർ. സെക്രട്ടറി കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.