കണ്ണൂർ: സീനിയോറിറ്റി വിവാദം തുടരുന്ന ജയിൽ അസി. സൂപ്രണ്ട് തസ്തികയിൽ 57 പേർക്ക് പ്രമോഷൻ നൽകിയ നടപടി ഹൈകോടതി ഉത്തരവിനെ തുടർന്ന് റദ്ദാക്കി. വർഷങ്ങളായി നിയമയുദ്ധം നടക്കുന്ന തസ്തികയിലേക്ക് ഇടക്കാല വിധിയുടെ അടിസ്ഥാനത്തിൽ ജൂൈല 21ന് ജയിൽ ഡി.ജി.പി പുറപ്പെടുവിച്ച പ്രമോഷൻ ഉത്തരവ് ശനിയാഴ്ച നടപ്പിലാക്കിയിരുന്നു. എതിർവിഭാഗം ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ ഹരജി നൽകിയതോടെയാണ് ജയിൽ ഡി.ജി.പിയുടെ പ്രമോഷൻ ഉത്തരവ് ഒരൊറ്റ ദിവസത്തെ ആയുസ്സിൽ പൊലിഞ്ഞത്. കേസിൽ വിധിപറയുന്നത് ൈട്രബ്യൂണലിനുതന്നെ വിട്ട ൈഹകോടതി, സ്റ്റാറ്റസ്കോ നിലനിർത്തണമെന്ന് നിർദേശിക്കുകയായിരുന്നു.
ജീവനക്കാരുടെ സംഘടനയിൽ ഒരു വിഭാഗത്തിനുവേണ്ടി യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിച്ച പ്രമോഷൻ പിൻവലിക്കേണ്ടിവന്ന് നാണക്കേടിലായിരിക്കുകയാണ് ജയിൽ വകുപ്പ്. ശനിയാഴ്ച വിവിധ ജയിലുകളിൽ ചുമതലയേറ്റ അസി. സൂപ്രണ്ടുമാർ വീണ്ടും ഡെപ്യൂട്ടി പ്രിസൺ ഒാഫിസർമാരായി ചൊവ്വാഴ്ച തന്നെ പഴയ ലാവണത്തിലേക്ക് തിരിച്ചുപോയി. ജയിൽ വകുപ്പിലെ വാർഡൻ വിഭാഗം ജീവനക്കാരുടെ 2013 ഏപ്രിലിൽ ഇറങ്ങിയ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റുമായി ബന്ധപ്പെട്ടാണ് കോടതികളിൽ കേസുദ്ഭവിച്ചത്. സർവിസ് ചട്ടമനുസരിച്ച് പ്രമോഷൻ സീനിയോറിറ്റിയും അഡ്വൈസ് മെമ്മോ അടിസ്ഥാനപ്പെടുത്തിയുള്ള സീനിയോറിറ്റിയും തമ്മിലുള്ള തർക്കമാണ് ൈട്രബ്യൂണലിൽ നിലനിന്നത്.
അഡ്വൈസ് മെമ്മോ അടിസ്ഥാനത്തിലുള്ള പ്രമോഷൻ ലിസ്റ്റിലുള്ള 35ഒാളം പേരാണ് കോടതിയെ സമീപിച്ചിരുന്നത്. അന്തിമ തീർപ്പ് വരാതിരുന്നതിനാൽ കഴിഞ്ഞ നാല് വർഷമായി ജയിൽ വകുപ്പിൽ 47 അസി.സൂപ്രണ്ടുമാരുടെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയായിരുന്നു. 58 പോസ്റ്റുകളിൽ 47ഉം ഒഴിഞ്ഞുകിടക്കുന്നത് മൂലമുള്ള പ്രതിസന്ധി ഉന്നയിച്ചാണ് നിയമനം നടത്താൻ സർക്കാർ കോടതിയോട് അനുവാദം ചോദിച്ചത്. ഉപാധികളോടെ നിയമനം നടത്താൻ ൈട്രബ്യൂണൽ അനുവാദം നൽകി. എന്നാൽ, കേസിൽ തീർപ്പാവുന്നതുവരെ നിയമനം നടത്തരുതെന്നാവശ്യപ്പെട്ട് മറുവിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. എതിർചേരി ഹൈകോടതിയിൽ ഹരജി നൽകിയത് നിലനിൽക്കെയാണ് ജൂലൈ 20ന് ജയിൽ വകുപ്പും പിറ്റേന്ന് ഡി.ജി.പിയും പ്രമോഷൻ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.