'ജയ്ശ്രീറാം വിളി ഞാൻ ആദ്യമായി കേൾക്കുന്നത് ഒരാളെ തല്ലിക്കൊല്ലുമ്പോൾ, ആര്‍.എസ്.എസിന്റെ ദണ്ഡയുടെ അടി ആദ്യം വീണത് ദലിതന്റെ നെഞ്ചത്ത്'; വേടൻ

കൊച്ചി: തന്റെ എഴുത്തുകളും പാട്ടുകളും ആരെങ്കിലുമൊക്കെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിൽ സന്തോഷമേയുള്ളൂവെന്നും രാഷ്ട്രീയം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും റാപ്പർ വേടൻ (ഹിരൺദാസ് മുരളി).

താൻ വേദിയിൽ കയറി തെറിവിളിക്കുന്നുവെന്ന് പറയുന്നവരോട് താൻ ഒരു വ്യക്തിയെ അല്ല, സിസ്റ്റത്തെയാണ് തെറിവിളിക്കുന്നതെന്നും ജാതീയമായി, വിദ്യാഭ്യാസ പരമായി, സാമൂഹികമായി അടിച്ചമർത്തിക്കൊണ്ടിരിക്കുന്ന സിസ്റ്റത്തിന് നേരെയാണെന്നും  വേടൻ പറഞ്ഞു. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വേടൻ.

ജയ്ശ്രീറാം വിളി ആദ്യമായി കേൾക്കുന്നത് ഒരാളെ കൊല്ലാൻ വേണ്ടിയോ ഉപദ്രവിക്കാൻ വേണ്ടിയുമാണെന്ന് വേടൻ പറഞ്ഞു. 'ഞാൻ ഒരു ദൈവ വിശ്വാസിയല്ല. മര്യാദ പുരുഷോത്തമനായ രാമനെ എനിക്കറിയില്ല. ജയ്ശ്രീറാം വിളി ഞാൻ ആദ്യമായി കേൾക്കുന്നത് ഒരാളെ കൊല്ലാനോ ഉപദ്രവിക്കാനോ വേണ്ടിയിട്ടാണ്. ശരണ്‍ കുമാര്‍ ലിംബാളെയെ ഉദ്ധരിച്ച് ഒരാൾ അടുത്തിടെ പറയുന്നത് കേട്ടിരുന്നു. ആര്‍.എസ്.എസിന്റെ ദണ്ഡയുടെ അടി ആദ്യം വീണത് മുസ്‌ലിംകളുടെയോ ക്രിസ്ത്യാനിയുടേയോ ദേഹത്തല്ല ദലിതന്റെ ദേഹത്താണ് വീണത്. ആ അടിയുടെ വേദന എനിക്ക് ഇപ്പോഴുമുണ്ടാകുമല്ലോ. അപ്പോൾ എനിക്ക് മിണ്ടാതിരിക്കാൻ കഴിയില്ല'-വേടൻ പറഞ്ഞു.

ക്ലാസ് മുറികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ് ജാതി വിവേചനം കൂടുതലായും നേരിട്ടിരിക്കുന്നതെന്നും വേടൻ പറഞ്ഞു. തനിക്ക് കുറേ ക്യാഷുണ്ടായാൽ അംബേദ്കറുടെ പേരിൽ ഒരു സർവകലാശാല സ്ഥാപിക്കുമെന്ന് സൃഹൃത്തുക്കളോടൊക്കെ പറയാറുണ്ടെന്നും അംബേദ്ക്കറിന്റെയും അയ്യങ്കാളിയുടെയും പേരുകള്‍ കേള്‍ക്കുന്നത് വല്ലാത്തൊരു ഊര്‍ജമാണെന്നും വേടൻ പറഞ്ഞു. വേദിയില്‍ പാട്ട് പാടുമ്പോള്‍ കുട്ടികളെ കൊണ്ട് നാലഞ്ച് തവണ അയ്യങ്കാളിയെന്നെല്ലാം ആവര്‍ത്തിച്ച് പറയിപ്പിക്കാറുണ്ടെന്നും വേടന്‍ പറഞ്ഞു.

ഡി.എന്‍.എയുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും വേടന്‍ പറഞ്ഞു. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണമെന്ന് പറയുന്നവരെല്ലാം ഉണ്ട്. തൃശൂരുകാര്‍ക്ക് തെറ്റുപറ്റി. ഇത്തരക്കാരോട് ഒരേസമയം പേടിയും സഹതാപവുമാണ് തോന്നുന്നത്. കാരണം, നമ്മള്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? പിറവിയാല്‍ താന്‍ ഉന്നതനാണെന്ന് എങ്ങനെയാണ് ഒരാള്‍ ചിന്തിക്കുന്നതെന്നും വേടന്‍ ചോദിക്കുന്നു.

വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,' എന്നാണ് വേടൻ പറഞ്ഞത്.

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയതിൽ വേടന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

'പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.' എന്ന് വേടൻ പറഞ്ഞു.

Tags:    
News Summary - The first time I heard the call of Jai Shri Ram was amidst the mob violence - Vedan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.