'ജയ് ഭീം, ജയ് ഭീം എന്നാൽ എന്ത് ബീമാണ്? പാലാരിവട്ടം പാലത്തിന്റെ ബീമാണോ?' -സി.പി.എം എം.എൽ.എയുടെ നിയമസഭ പരാമർശം വിവാദമാകുന്നു VIDEO

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ചതിന് മന്ത്രി സജി ചെറിയാൻ രാജിവെച്ചതിന് പിന്നാലെ, ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറെക്കുറിച്ച് വിവാദ പരാമർശവുമായി സി.പി.എം എം.എൽ.എ മുരളി പെരുനെല്ലി. 'ഇപ്പോ ജയ് ഭീം, ജയ് ഭീം എന്ന മുദ്രാവാക്യമാണ്. എന്ത് ബീമാണ്? പാലാവട്ടത്തിൽ തകർന്നുപോയ ബീമിനെ പറ്റിയാണോ നിങ്ങളീ മുദ്രാവാക്യം വിളിക്കുന്നത്' എന്നായിരുന്നു മണലൂർ എം.എൽ.എയായ മുരളി പെരുനെല്ലി പരാമർശം.

സജി ചെറിയാന്റെ ഭരണഘടന നിന്ദക്കെതിരെ ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കറെ പുകഴ്ത്തി പ്രതിപക്ഷം 'ജയ് ഭീം, ജയ് ഭീം' എന്ന് മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിനെ പരിഹസിച്ചാണ് ധനാഭ്യർഥന ചർച്ചയ്ക്കിടെ മുരളി പെരുനെല്ലി എം.എൽ.എ വിവാദപ്രസ്താവന നടത്തിയത്.

പെരുനല്ലിയുടെ പരാമർശത്തില്‍ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം കനത്തു. അംബേദ്കറെ അപമാനിക്കുന്ന മോശം പരാമർശത്തിന് മുരളി പെരുനെല്ലി മാപ്പ് പറയണമെന്ന് മണ്ണാർക്കാട് എം.എൽ.എ ശംസുദ്ധീൻ ആവശ്യപ്പെട്ടു. ഭരണഘടന ശിൽപിയെ അപമാനിക്കുന്ന സംസാരം നിയമസഭയിൽ ഒരുകാരണവശാലും അനുവദിക്കരുതെന്ന് ടി. സിദ്ധീഖ് എം.എൽ.എയും ആവശ്യപ്പെട്ടു. താൻ അങ്ങനെ അപമാനിക്കുന്ന ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നായിരുന്നു മുരളിയുടെ വിശദീകരണം. ഇതിനിടെ 'ജയ് ഭീം' മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചു. പരിശോധിച്ച് സ്പീക്കർ റൂളിങ് നൽകുമെന്ന് സ്പീക്കർ പറഞ്ഞതോടെയാണ് ബഹളം അടങ്ങിയത്. 

Full View

Tags:    
News Summary - 'Jai Bhim, Jai Bhim, what beam is that? Is beam of Palarivattam bridge?' -CPM MLA Murali Perunelli's controversial remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.