ദുബൈ: 51 ദിവസം മുൻപാണ് ഇരട്ട സഹോദരൻമാരായ ജാക്സണും ബെൻസണും പോർച്ചുഗലിലെ ലിസ്ബണിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറിയത്. കണക്ഷൻ ൈഫ്ലറ്റിൽ ദുബൈ വിമാനത്താവളം വഴിയായിരുന്നു യാത്ര. യൂറോപ്പിൽ നിന്നുള്ളവർക്ക് ഇന്ത്യയിലേക്ക് യാത്രാ അനുമതി നൽകുന്നില്ലെന്ന വിവരം ദുബൈയിലെത്തിയപ്പോഴാണ് അറിയുന്നത്. അവിടെ തുടങ്ങിയ ദുരിതമാണ്. വിമാനത്താവളത്തിലും ഹോട്ടലിലുമായി കഴിച്ചുകൂട്ടിയ 51 ദിനരാത്രങ്ങൾക്കൊടുവിൽ വ്യാഴാഴ്ചത്തെ ആദ്യ വിമാനത്തിൽ നാടണയുന്നതിെൻറ സന്തോഷത്തിലാണ് ഇരുവരും.
എന്നാൽ, ജാക്സണും ബെൻസണും ഉടനെയൊന്നും വീട്ടിലെത്താൻ കഴിയില്ല. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തേക്ക് വിമാനമില്ലാത്തതിനാൽ കോഴിക്കോേട്ടക്കാണ് യാത്ര. കോഴിക്കോട് ക്വാറൻറീനിലിരുന്ന ശേഷം മാത്രമെ ഇവർക്ക് വീടണയാൻ കഴിയു. തിരുവനന്തപുരം കരിങ്കുളം പുതിയതുറ സ്വദേശികളാണ് ഇവർ.യാത്രക്ക് മുന്നോടിയായി തിങ്കളാഴ്ച രാത്രി കോവിഡ് പരിശോധനക്ക് വിധേയരായി. നെഗറ്റീവ് റിസൾട്ടും കൈയിൽ കിട്ടി. ടിക്കറ്റ് ചെലവുകൾ വഹിക്കുന്നത് ഇന്ത്യൻ കോൺസുലേറ്റാണ്. ഇവർ ഉൾപെടെ 21 ഇന്ത്യക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഉത്തരേന്ത്യൻ സ്വദേശികളായ മറ്റുള്ളവരെയും ഉടൻ നാട്ടിലെത്തിക്കും.
ദുബൈയിലെത്തിയ ആദ്യ എട്ട് ദിവസം വിമാനത്താവളത്തിലായിരുന്നു ഉറക്കം. വിസയില്ലാത്തതിനാൽ പുറത്തിറങ്ങാനും കഴിഞ്ഞില്ല. ഭക്ഷണത്തിന് പോലും വലഞ്ഞു. തുടർന്ന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും വിമാനത്താവളം അധികൃതരും ഇടപെട്ട് ഇവരെ വിമാനത്താവളത്തിനുള്ളിലെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. മികച്ച സൗകര്യവും ഭക്ഷണവുമാണ് ഹോട്ടലിൽ ഒരുക്കിയിരുന്നതെന്നും നാട്ടിലേക്ക് പോകുന്നതിൽ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞു. ഇവരെ നാട്ടിലെത്തിക്കാൻ നടപടിയെടുക്കണന്നൊവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.