പാങ്ങ് (മലപ്പുറം): നാടിനെ സങ്കടക്കടലാക്കിയ വാൽപാറ ദുരന്തത്തിൽ മരിച്ച ആറ് അധ്യാപകർ ഉൾപ്പെടെ ഒമ്പത് പേർക്കും ശനിയാഴ്ച വിട നൽകി. മലപ്പുറം പാങ്ങ് ഗവ. എച്ച്.എസ്.എസ് മൈതാനത്ത് നടന്ന പൊതുദർശനത്തിൽ പ്രിയപ്പെട്ടവരെ അവസാനമായൊന്ന് കാണാനായി ഒഴുകിയെത്തിയത് ആയിരങ്ങൾ. ചേതനയറ്റ ശരീരം കണ്ടവരെല്ലാം വിതുമ്പി. വിദ്യാർഥികളും സഹപ്രവർത്തകരും സങ്കടം അടക്കാനാവാതെ വിങ്ങിപ്പൊട്ടി. പലരും പ്രിയ അധ്യാപകരുടെ മരണം ഉൾക്കൊള്ളാനാവാതെ നിന്നു...
മരിച്ച എട്ടുപേരുടെ സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വിവിധയിടങ്ങളിൽ പൂർത്തിയായി. പാങ്ങിലും പരിസരത്തുമുള്ള മൂന്നു പള്ളികളുടെ ഖബർസ്ഥാനുകളിലാണ് അധ്യാപകരായ റംല, സുഹ്റ, മജീദ്, ഷക്കീല, പാചകത്തൊഴിലാളി സാജിത, മജീദിന്റെ ഭാര്യ റുഖിയ, സുഹ്റയുടെ മകൻ ഹിഷാം എന്നിവർക്ക് അന്ത്യവിശ്രമം ഒരുക്കിയത്. അധ്യാപിക ആശയുടെ സംസ്കാരം കൊളത്തൂരിലെ തറവാട്ടുവളപ്പിൽ നടന്നു. പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തി തീരത്ത് നടന്നു.
തമിഴ്നാട് സർക്കാറിന്റെ പ്രത്യേക ഉത്തരവ് പ്രകാരം വെള്ളിയാഴ്ച രാത്രി 12.30ന് പൊള്ളാച്ചി ഗവ. ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികൾ പുലർച്ചെയാണ് പൂർത്തിയായത്. ശനിയാഴ്ച രാവിലെ ആറിന് ഒമ്പത് പേരുടെയും മൃതദേഹങ്ങളുമായി പൊലീസ് അകമ്പടിയോടെ പുറപ്പെട്ട തമിഴ്നാട് ആരോഗ്യവകുപ്പിന്റെ ആംബുലന്‍സുകള്‍ രാവിലെ 9.15ന് പാങ്ങ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തി. തുടര്‍ന്ന് സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിച്ചു. ചുട്ടുപൊള്ളുന്ന വെയിലിൽ ഒന്നര മണിക്കൂറിലേറെ പൊതുദര്‍ശനം നീണ്ടു. തുടര്‍ന്ന് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോയി അടുത്ത ബന്ധുക്കളെകൂടി കാണിച്ചശേഷമാണ് സംസ്കാരം നടന്നത്.
പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി സ്‌കൂളിൽനിന്നുള്ള വിനോദയാത്ര സംഘം സഞ്ചരിച്ച വാൻ വെള്ളിയാഴ്ച വൈകീട്ട് 5.15നാണ് വാൽപാറ ചുരം റോഡിൽ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒമ്പതാം വളവിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒമ്പത് പേരാണ് മരിച്ചത്. 13 പേരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. നാലുപേര്‍ക്ക് പരിക്കേറ്റു. മരിച്ച സാജിതയുടെ മകൻ ഷഹദിൻ, വാഹനത്തിന്‍റെ ഡ്രൈവർ മുഹമ്മദ് ഫാഇസ്, സ്‌കൂൾ ബസിന്റെ ഡ്രൈവർ നൗഷാദ് എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മുഹമ്മദ് ഫാഇസും നൗഷാദ് അലിയും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഷഹദിനെ വാർഡിലേക്ക് മാറ്റി. മന്ത്രി വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സ്കൂളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.