തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ അന്തരീക്ഷ പഠന ഉപകരണം ജനവാസ മേഖലയിൽ പതിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. പള്ളിക്കൽ-പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. റോഡിലൂടെ പോവുകയായിരുന്ന ബൈക്ക് യാത്രികരുടെ പുറത്തേക്കാണ് ഉപകരണം വീണത്.
ഹൈഡ്രജൻ ബലൂണിൽ ഘടിപ്പിച്ച് അന്തരീക്ഷത്തിലേക്ക് വിട്ട ഉപകരണം ബലൂൺ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. വീണതിന് ശേഷവും ഉപകരണത്തിനുള്ളിലെ മോട്ടർ പ്രവർത്തിച്ചുകൊണ്ടിരുന്നത് കണ്ട് യാത്രക്കാരും നാട്ടുകാരും ആദ്യം ഭയന്നെങ്കിലും പിന്നീട് പൊസെത്തി നടത്തിയ പരിശോധനയിലാണ് വസ്തു തിരിച്ചറിഞ്ഞത്. ഉപകരണത്തിന് ഭാരമില്ലാതിരുന്നതിനാൽ ബൈക്ക് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
‘ഐ.എസ്.ആർ.ഒ’എന്നും ‘പൊട്ടിത്തെറിക്കില്ല, അപകടമുണ്ടാക്കില്ല’ എന്നും ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആശങ്ക ഒഴിഞ്ഞത്. കാലാവസ്ഥാ പഠനങ്ങൾക്കായി ഐ.എസ്.ആർ.ഒ എല്ലാ മാസവും ഇത്തരം ഹൈഡ്രജൻ ബലൂണുകൾ വിടാറുണ്ട്. മഴ, കാറ്റ്, മിന്നൽ, ന്യൂനമർദം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.
സാധാരണ ഗതിയിൽ പഠനശേഷം കടലിലാണ് ഇവ പതിക്കാറുള്ളതെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കരയിലേക്ക് ദിശ മാറുകയായിരുന്നു. ചെറിയ മോട്ടർ ഘടിപ്പിച്ച യന്ത്രമായതിനാൽ ജനവാസ മേഖലയിൽ വീണാലും അപകടസാധ്യതയില്ലെന്ന് ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പള്ളിക്കൽ പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ച ഉപകരണം പിന്നീട് അധികൃതർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.