അർജുൻ ആയങ്കിക്ക് അന്ന് പാർട്ടി തണലായി; പിന്നെ തള്ളിപ്പറഞ്ഞു

കണ്ണൂർ: സി.പി.എം വിലാസത്തിൽ സൈബറിടത്തിൽ ശക്തമായ ‘നിലപാടു’മായാണ് അർജുൻ ആയങ്കിയെ നാടറിഞ്ഞുതുടങ്ങിയത്. അടിപിടികേസുകളും ക്വട്ടേഷൻ സംഘാംഗവുമായി നാട് ‘ഭരിക്കാൻ’ തുടങ്ങിയതോടെ പാർട്ടിക്ക് ഇയാൾ ബാധ്യതയായി. അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഉൾപ്പെടുന്ന ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞു. ഇവരുമായി പാർട്ടിയിലെ ചിലർക്ക് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിന് കത്തു നൽകി നടപടിയില്ലെന്ന് കണ്ട് കണ്ണൂർ ജില്ല കമ്മിറ്റിയംഗം മനുതോമസ് പാർട്ടി തന്നെ വിട്ടു.

കണ്ണൂർ അഴീക്കോട് കപ്പക്കടവ് സ്വദേശിയാണ് അർജുൻ ആയങ്കി. ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയായി പൊതുപ്രവർത്തനത്തിൽ സജീവമായി. എതിരാളികളെ വെല്ലുവിളിച്ചും കുറിക്കുകൊള്ളുന്ന മറുപടികളും നൽകി സൈബറിടത്തിൽ പോരാളിയായി. ഇങ്ങനെ വലിയൊരു ആരാധകവൃന്ദം ഇദ്ദേഹത്തിനുണ്ടായി.

അടിപിടികളുണ്ടാക്കി, അപകടങ്ങൾ സൃഷ്ടിച്ച് ആയങ്കി ചില നേതാക്കളുടെ വേണ്ടപ്പെട്ടവനായതും കണ്ണൂരിൽ രഹസ്യമല്ല. രാഷ്ട്രീയ സംഘർഷങ്ങൾ കുറഞ്ഞതോടെയാണ് ഇത്തരം സംഘങ്ങൾ സ്വർണക്കടത്ത് ക്വട്ടേഷനിലേക്ക് എത്തുന്നത്. ഇതെല്ലാം പാർട്ടിക്കകത്തും പുറത്തും ചർച്ചയായതോടെ സി.പി.എം പുറത്താക്കി. യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിക്കും ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച് നടക്കുന്ന അർജുൻ ആയങ്കിക്കും ഇപ്പോഴും ആരാധകരേറെ.

സ്വർണക്കടത്ത് ടീമുകളുടെ ക്വട്ടേഷനുമായി ബന്ധപ്പെട്ടാണ് ആയങ്കിയുടെ പേര് കണ്ണൂരിന് പുറത്ത് കേൾക്കാൻ തുടങ്ങിയത്. രാമനാട്ടുകരയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സ്വർണം പൊട്ടിക്കൽ കേസിലെ പ്രധാനിയാണ് ആയങ്കി. തെളിയിക്കപ്പെട്ടതും അല്ലാത്തതുമായ ഒട്ടേറെ സ്വർണം പൊട്ടിക്കൽ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്.

ഇത്തരം വ്യക്തികളെ ഇന്നുകാണുംവിധം മാറ്റിയെടുത്തതിൽ പ്രധാന ഉത്തരവാദി മുൻ കണ്ണൂർ ജില്ല സെക്രട്ടറിയാണെന്ന് ആരോപിച്ച് സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗം മനുതോമസ് രംഗത്തെത്തി. ഈ ജില്ല സെക്രട്ടറിയുടെ കാലത്ത് ഇവരുടെ താവളം സി.പി.എം ജില്ല കമ്മറ്റി ഓഫിസ് ആയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. അതിനിടെ, അർജുൻ ആയങ്കിയുമായി ബന്ധമുള്ള ഏതാനുംപേരെ കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    
News Summary - Arjun Ayanki got shadowed by the party; then denied it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.