അട്ടപ്പാടിയിലെ ഇസ്മായിൽ പട്ടയം: 575 ഏക്കർ ഭൂമി എവിടെ ?

കോഴിക്കോട്: ഇടതു സർക്കാരിന്റെ കാലത്ത് റവന്യൂ മന്ത്രിയായിരുന്ന കെ.ഇ. ഇസ്മായിൽ 1999ൽ അട്ടപ്പാടിയിൽ വിതരണം ചെയ്ത 575 ഏക്കർ പട്ടയഭൂമി ഇപ്പോൾ ആരുടെ കൈവശമാണെന്ന് റവന്യൂ മന്ത്രിയോട് ആദിവാസികളുടെ ചോദിക്കുന്നു. പട്ടയം വിതരണം ചെയ്ത് ഏതാണ്ട് കാൽ നൂറ്റാണ്ട് അകുമ്പോഴാണ് ആദിവാസികൾ ഭൂമി ആവശ്യപ്പെടുന്നത്. പലരും പല തവണ പട്ടയ കടലാസുമായി റവന്യൂ ഓഫിസുകൾ കയറിയിറങ്ങിയിരുന്നു.

1999ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമം നിയമസഭ പാസാക്കിയ ശേഷമാണ് ജസ്റ്റിസ്. വി.ആർ. കൃഷ്ണയ്യരെ പങ്കെടുപ്പിച്ച് മന്ത്രി കെ.ഇ. ഇസ്മായിൽ അട്ടപ്പാടിയിൽ പട്ടയം വിതരണം നടത്തിയത്. ഈ പട്ടയ ഭൂമിക്ക് എന്ത് സംഭവിച്ചുവെന്ന് പിന്നീട് വന്ന റവന്യൂ മന്ത്രിമാരും പരിശോധിച്ചിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസികളെ സംബന്ധിച്ചിടത്തോളം പട്ടയഭൂമി എന്നാൽ സർക്കാരിന്റെ ഒരു കടലാസ് മാത്രമായി അവശേഷിച്ചു.

ഇസ്മായിൽ പട്ടയം ലഭിച്ചത് അട്ടപ്പാടിയിലെ 475 ആദിവാസി കുടുംബങ്ങൾക്കാണ്. ഇവർക്ക് പട്ടയ കടലാസ് നൽകി എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഒറ്റപ്പാലം സബ് കലക്ടറുടെ ഓഫീസിൽ ഇതു സംബന്ധിച്ച വിശദ ഫയൽ ഇല്ല. ഷോളയൂർ, കോട്ടത്തറ വില്ലേജുകളിലായിട്ടാണ് ഭൂമി നൽകിയതെന്ന് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഷോളയൂർ വില്ലേജിൽ 1912, 1913, 1914, 1915, 1916, 1917 എന്നീ സർവേ നമ്പറിലെ ഭൂമിക്കാണ് 1999ൽ പട്ടയം നൽകിയത്. കോട്ടത്തറ വില്ലേജിലെ 1819 സർവേ നമ്പരിൽ പട്ടയം നൽകിയിരുന്നുവെന്നാണ് ഫയൽ വ്യക്തമാക്കുന്നത്. കെ.കെ. രമ സന്ദർശിച്ചത് 1819 സർവേ നമ്പരിലെ പട്ടയ ഭൂമിയിലാണ്.

റവന്യൂ ഉദ്യോഗസ്ഥർ ഈ സർവേ നമ്പറിലെ ഭൂമിയിൽ പലർക്കും വ്യാജ ആധാരം ചമച്ച് നികുതിയടച്ച് നൽകുന്നതായി ആദിവാസികൾക്ക് ആക്ഷേപമുണ്ട്. വ്യാജ ആധാരം നിർമിച്ച നൽകുന്ന ആധാരം എഴുത്തുകാർ അട്ടപ്പാടിയിൽ ഉണ്ടെന്ന് കാറ്റാടി കമ്പനി ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട വിവിധ അന്വേഷണ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തെ തുടർന്ന് നൽകിയ റിപ്പോർട്ടിൽ ചില ആധാരം എഴുത്തുകാരുടെ ലൈസൻസ് തന്നെ റദ്ദാക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. എന്നാൽ, റിപ്പോർട്ടിലെ ശിപാർശ പ്രകാരം നടപടി എടുക്കാൻ രജിസ്ട്രേഷൻ വകുപ്പ് തയാറായില്ല.

ആദിവാസി ഭൂമി തട്ടിയെടുക്കുന്നതിന് വ്യാജ ആധാര നിർമാണം തുടരുകയാണ്. വ്യാജ ആധാര നിർമാണ കേന്ദ്രം അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നുവെന്ന് ആദിവാസികൾ പറയുന്നു. ചില ആധാരം എഴുത്തുകാർ പറയുന്ന തുക നൽകിയാൽ അട്ടപ്പാടിയിൽ ആർക്കും ആദിവാസികളുടെ പട്ടയഭൂമി നികുതി അടച്ച് ആധാരം ചമച്ച് സ്വന്തം പേരിൽ ലഭിക്കുന്ന അവസ്ഥയുണ്ടെന്നും ആക്ഷേപമുണ്ട്.

ഏതാണ്ട് കാൽനൂറ്റാണ്ടോളം മുമ്പ് സി.പി.ഐയുടെ റവന്യൂ മന്ത്രി നൽകിയ പട്ടയത്തിന് എന്ത് സംഭവിച്ചു എന്ന് അതേ പാർട്ടിയുടെ റവന്യൂ മന്ത്രി അന്വേഷണം നടത്തണം എന്നാണ് ആദിവാസികൾ പറയുന്നത്. കാരണം കമ്യൂണിസ്റ്റ് പാർട്ടി അല്ലെങ്കിൽ ഇടതുപക്ഷം അധികാരത്തിൽ വരുമ്പോഴാണ് അട്ടപ്പാടിയിൽ ഭൂമാഫിയ സജീവമാകുന്നത്. റവന്യൂ ഉദ്യോഗസ്ഥരെല്ലാം തന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവീസ് സംഘടനകളിൽ അംഗങ്ങളായവരാണ്.

റവന്യൂ ഉദ്യോഗസ്ഥരും കൈയേറ്റക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് അട്ടപ്പാടിയിൽ നിലവിലുള്ളത്. വ്യാജ ആധാരങ്ങൾ നിർമിച്ച് ഭൂമി കൈയേറുന്നതിന് വഴിയൊരുക്കുന്നത് ഉദ്യോഗസ്ഥരാണ്. രാഷ്ട്രീയ സ്വാധീനവും വലിയതോതിൽ പണവും ഒഴുകുന്നതിനാൽ ആദിവാസികൾക്ക് ഈ ഭൂമി കൈയേറ്റ പ്രസ്ഥാനത്തെ തടുക്കാൻ ആവില്ല. ഭൂമിക്കു വേണ്ടിയുള്ള യുദ്ധത്തിന് മുന്നിൽ ആയുധമില്ലാതെ നിസഹായരായി നിന്ന് നിലവിളിക്കുകയാണ് ആദിവാസികൾ. അവരുടെ നിലവിളിയാണ് കെ.കെ. രമ എം.എൽ.എ കേട്ടത്.

Tags:    
News Summary - Ismail Pattayam in Attapadi: Where is the 575 acres of land?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.