എറണാകുളം അസി. കലക്ടർ നിഷാന്ത് സിഹാര ഇസിൻ ജോബിൻസിന്റെ ഭവനം സന്ദർശിച്ചപ്പോൾ

വേദനയായി ഇസിൻ, ഇനി വേദനയില്ലാത്ത ലോകത്തേക്ക്...

ആലുവ: രോഗക്കിടക്കയിൽ പാട്ടെഴുതിയും കഥയെഴുതിയും വേദനകളെ പൂക്കളായി സ്വീകരിച്ച ആലുവ അന്ധവിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഇസിൻ ജോബിൻസ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി.

മൂന്നു വയസിൽ ബാധിച്ച ട്യൂമർ ഇസിന്റെ രണ്ടു കണ്ണുകളുടെയും കാഴ്ച ഇല്ലാതാക്കിയിരുന്നു. എങ്കിലും ഉൾക്കരുത്തോടെ ലോകത്തെ കീഴടക്കാൻ തീരുമാനിച്ച ഇസിനെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ബാധിച്ച ബോൺ കാൻസർ വീണ്ടും വേദനകളുടെ രോഗക്കിടക്കയിലേക്ക് മടക്കി.

കടുത്ത വേദനക്കിടക്കയിലും ഓഡിയോ പുസ്തകങ്ങൾ കേട്ടും വായിച്ചും കഥകളും പാട്ടുകളുമെഴുതിയും എല്ലാവർക്കും ഉത്തേജനമായി ജീവിച്ച ഇസിൻ ജോബിൻസിൻ്റെ മരണം നാട്ടുകാർക്ക് കണ്ണീരോർമ്മയായി. പഠിച്ച് വലുതായി കലക്ടറാകണമെന്ന ആഗ്രഹത്തോടൊപ്പം എറണാകുളം ജില്ല കലക്ടറെ സന്ദർശിക്കണമെന്ന ആഗ്രഹവും ഇസിൻ പ്രകടിപ്പിച്ചിരുന്നു.

ഇക്കാര്യം പ്രധാനാധ്യാപിക ജിജി ടീച്ചർ കലക്ടറെ അറിയിച്ചപ്പോൾ എറണാകുളം സബ് ജില്ല കലക്ടർ നിഷാന്ത് സിഹാര ഇസിന്റെ ഭവനം സന്ദർശിച്ച് സമ്മാനങ്ങൾ നൽകിയിരുന്നു. വേൾഡ് വൈറ്റ് കെയിൻ ദിനത്തിലായിരുന്നു സന്ദർശനം. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ജോബിൻസ് തോമസിന്റെയും റോഷ്നയുടെയും മൂത്ത മകളാണ് ഒമ്പത് വയസുകാരിയായ ഇസിൻ ജോബിൻസ്. സഹോദരി: ഹെൽഗ ജോബിൻസ്.


Tags:    
News Summary - isin jobins passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.