കൊച്ചി: വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന മുൻ മന്ത്രി ടി.എം. തോമസ് ഐസക് പ്രതിഫലം പറ്റുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ.
അതേസമയം, സ്വന്തം വാഹനത്തിന് ഇന്ധനമടിക്കാനും ഡ്രൈവറുടെ പ്രതിഫലമടക്കം ചെലവിനുമായി മാസം 70,000 രൂപ അനുവദിക്കുന്നുണ്ട്. ഇത് പൊതുഖജനാവിന് വലിയ നഷ്ടമായി കണക്കാക്കാനാകില്ലെന്നും പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് അണ്ടർ സെക്രട്ടറി കെ.എസ്. മനോജ് സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ പറയുന്നു.
ഐസക്കിന്റെ നിയമനം ചോദ്യംചെയ്ത് പൊതുപ്രവർത്തകൻ പായിച്ചിറ നവാസ് സമർപ്പിച്ച ഹരജിയിലാണ് വിശദീകരണം. ഇല്ലാത്ത വകുപ്പിലേക്കാണ് നിയമിച്ചതെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് ശരിയല്ലെന്ന് സർക്കാർ വ്യക്തമാക്കി. സർക്കാർ ചട്ടങ്ങളനുസരിച്ച് രൂപവത്കരിച്ച പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് (ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ) വിഭാഗത്തിലാണ് നിയമനം.
നിയമനം സംബന്ധിച്ച സർക്കുലർ മുഖ്യമന്ത്രിയുടെ അനുമതിയോടെ ധനവകുപ്പിനും കൈമാറിയിരുന്നുവെന്ന് നിയമനത്തിന് ധനവകുപ്പിന്റെ അംഗീകാരമില്ലെന്ന വാദം നിഷേധിച്ചുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്. തോമസ് ഐസക്കിന്റെ നിയമനം പൊതുഖജനാവിന് മാസം ഒരുലക്ഷം രൂപയോളം ബാധ്യത വരുത്തുമെന്നാണ് ഹരജി. കേസിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്. സർക്കാറിന്റെ വിശദീകരണത്തിന് മറുപടി നൽകാൻ അമിക്കസ് ക്യൂറി സമയം തേടിയതിനെത്തുടർന്ന് ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.