അങ്കമാലി: ലൈസൻസ് അനുവദിക്കുന്നതിന് കരാറുകാരനിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ (നമ്പർ-വൺ) എക്സിക്യൂട്ടിവ് എൻജിനീയർ വിജിലൻസ് പിടിയിലായി. അങ്കമാലി സ്വദേശിയായ പി.എം. വിൽസനെ അങ്കമാലിയിലെ ഇറിഗേഷൻ ഓഫിസിൽനിന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.
അങ്കമാലി സ്വദേശിയായ ഇടമലയാർ ജലസേചന പദ്ധതിക്ക് കീഴിലെ കരാറുകാരന്റെ പരാതിയെത്തുടർന്നായിരുന്നു നടപടി. കരാർ ജോലി ചെയ്യുന്നതിന് സി-ക്ലാസ് കോൺട്രാക്ടർ ലൈസൻസ് ലഭിക്കുന്നതിന് ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷന്റെ അങ്കമാലി ഓഫിസിൽ പരാതിക്കാരൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ, തുടർ നടപടിയുണ്ടായില്ല. ഇതേതുടർന്ന് പരാതിക്കാരൻ ഓഫിസിലെത്തി എക്സിക്യൂട്ടിവ് എൻജിനീയറായ വിൽസനെ നേരിൽക്കണ്ട് സംസാരിച്ചു. ലൈസൻസ് അനുവദിക്കണമെങ്കിൽ കൈക്കൂലിയായി 15,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രേ. തുക തിങ്കളാഴ്ച ഓഫിസിൽ നേരിട്ട് എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാരൻ എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് 12.35ഓടെ അങ്കമാലിയിലെ ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ ഓഫിസിലെത്തിയ പരാതിക്കാരനിൽനിന്ന് വിൽസൺ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.