കോട്ടയം/തൃശൂർ: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും എൻ.എസ്.എസും തമ്മിൽ ദശാബ്ദത്തിലേറെയായി നിലനിന്ന അകൽച്ചക്ക് വിരാമം. മന്നം ജയന്തി ആഘോഷത്തിൽ മുഖ്യ പ്രഭാഷകനായി ചെന്നിത്തലയെ ക്ഷണിച്ചിരിക്കുകയാണ് എൻ.എസ്.എസ്. 11 വർഷമായി തുടരുന്ന പിണക്കമാണ് ഇല്ലാതായത്. 2025 ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് ചങ്ങനാശ്ശേരി എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷം നടക്കുന്നത്. എൻ.എസ്.എസ്- ചെന്നിത്തല ബന്ധം ശക്തിപ്പെടുന്നത് കേരള രാഷ്ട്രീയത്തിലും പരോക്ഷ സ്വാധീനമുണ്ടാക്കും.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ താക്കോൽ സ്ഥാന പരാമർശമാണ് സംഘടനയുമായുള്ള പിണക്കത്തിലേക്ക് നയിച്ചത്. 2013 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, താക്കോൽ സ്ഥാനത്തേക്ക് ചെന്നിത്തലയെ കൊണ്ടുവരണമെന്നായിരുന്നു വിവാദ പ്രസ്താവന. ഉമ്മൻ ചാണ്ടി ആദ്യം ഇതിന് വഴങ്ങിയില്ല. വിവാദമായതോടെ പ്രസ്താവനയെ രമേശ് ചെന്നിത്തലക്ക് തള്ളിപ്പറയേണ്ടി വന്നു. തുടർന്നാണ് അകൽച്ചയുണ്ടായത്.
മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷകനായി ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ് ക്ഷണിച്ചത്. പങ്കെടുക്കും. എന്നും വഴക്കിട്ട് നിൽക്കേണ്ട കാര്യമില്ലല്ലോ. എല്ലാവരുമായും യോജിച്ചു പോകും -ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.