യു. പ്രതിഭ
ആലപ്പുഴ: യു. പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നും പ്രതിചേർത്തതിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നും അന്വേഷണ റിപ്പോർട്ട്. ഇതോടെ കനിവ് കഞ്ചാവ് കേസിൽനിന്ന് ഒഴിവാകും. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ എം.എൽ.എ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും നൽകിയ പരാതിയിൽ ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമീഷണർ എസ്. അശോക് കുമാർ സംസ്ഥാന എക്സൈസ് കമീഷണർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങളിലാണ് വീഴ്ചയുണ്ടായത്. എം.എൽ.യുടെ മകനടക്കമുള്ളവരെ വൈദ്യപരിശോധനക്ക് കൊണ്ടുപോയില്ല. കനിവ് കഞ്ചാവ് ഉപയോഗിച്ചത് കണ്ടതായി പരിശോധന നടത്തിയ ഉദ്യോഗസ്ഥരാരും മൊഴി നൽകിയിട്ടില്ല. കഞ്ചാവ് ഉപയോഗിച്ചുവെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പരിശോധനകളും നടത്തിയില്ല. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ട മറ്റ് സാക്ഷികളുമുണ്ടായിരുന്നില്ല.
ഡിസംബർ 28ന് കുട്ടനാട് എക്സൈസ് സംഘമാണ് കനിവിനെയും എട്ട് സുഹൃത്തുക്കളെയും തകഴിയിൽനിന്ന് മൂന്ന് ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കേസെടുത്ത അന്വേഷണ ഉദ്യോഗസ്ഥന്റെയും ഇവരെ പിടികൂടിയ ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിൽ കണ്ടെത്തിയ ഈ വസ്തുതകൾ വിശദീകരിച്ചാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ, ഉദ്യോഗസ്ഥരുടെ ഭാഗത്ത് മനപ്പൂർവമല്ലാത്ത വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നാണ് അറിയുന്നത്. അതിനാൽ കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകില്ലെന്നാണ് എക്സൈസ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
കനിവ് ഉൾെപ്പടെ ഒമ്പതുപേരാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ രണ്ടുപേരുടെ കൈയിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവർക്കെതിരെ കേസ് നിലനിൽക്കും. മറ്റ് ഏഴുപേരും കേസിൽനിന്ന് ഒഴിവാകും. തകഴി പുലിമുഖം ജെട്ടിക്ക് സമീപത്തുനിന്ന് കഞ്ചാവുമായി ഒമ്പതുപേരെ പിടികൂടി ഏറെസമയം കഴിഞ്ഞാണ് കേസെടുത്തത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.