കെ.എസ്.ഐ.ഡി.സിക്ക്എതിരായ അന്വേഷണം തടയാനാവില്ലെന്ന് ഹൈകോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് കമ്പനിക്കെതിരെ ഉയർന്ന മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ വികസന കോർപറേഷനെതിരായ (കെ.എസ്.ഐ.ഡി.സി) അന്വേഷണം തടയാനാവില്ലെന്ന് ഹൈകോടതി. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി നൽകിയ ഹരജിയിലാണ് കോടതി പരാമർശം.

ഫെബ്രുവരി ഏഴിന് രാവിലെ പത്തിന് രേഖകൾ ഹാജരാക്കാൻ നോട്ടീസ് ലഭിക്കുന്നത് തലേന്നാണ്. എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് ഉത്തരവിട്ടത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പെട്ടെന്ന് രേഖകൾ ഹാജരാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പരിശോധന നിർത്താൻ നിർദേശിക്കണമെന്നുമായിരുന്നു കെ.എസ്.ഐ.ഡി.സിയുടെ ആവശ്യം. എന്നാൽ, ഇത് കോടതി അനുവദിച്ചില്ല.

കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ സർക്കാർ ബോധപൂർവം സഹായിക്കുന്നുവെന്ന ഷോണിന്‍റെ പരാതിയിൽ ഡിസംബർ 21ന് കമ്പനീസ് രജിസ്ട്രാർ വിശദീകരണം തേടി നോട്ടീസ് നൽകിയിരുന്നു. സി.എം.ആർ.എല്ലിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും ദൈനംദിന കാര്യങ്ങളിൽ ഇടപെടലില്ലെന്ന് വ്യക്തമാക്കി ജനുവരി മൂന്നിന് മറുപടി നൽകി. 134 കോടിയുടെ മാസപ്പടി ഇടപാടിൽ ബന്ധമില്ലെന്നും വ്യക്തമാക്കി. എന്നാൽ, നോട്ടീസ് നൽകിയില്ലെന്ന റിപ്പോർട്ടാണ് കേന്ദ്രത്തിന് കമ്പനി രജിസ്ട്രാർ നൽകിയത്. തുടർന്ന്, സി.എം.ആർ.എല്ലിനും എക്‌സാലോജിക് കമ്പനിക്കും ഒപ്പം കെ.എസ്.ഐ.ഡി.സിക്കെതിരെയും കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു. തങ്ങളെ കേൾക്കാതെയാണ് ഈ നടപടി. രേഖകൾ ഹാജരാക്കാനുള്ള ഉത്തരവും എസ്.എഫ്.ഐ.ഒ പരിശോധന ഉത്തരവും നിയമവിരുദ്ധമായതിനാൽ ഇവ റദ്ദാക്കണമെന്നും കെ.എസ്.ഐ.ഡി.സി ആവശ്യപ്പെട്ടു.

എന്നാൽ, അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്നും എന്തെങ്കിലും ഒളിപ്പിക്കാനുണ്ടോയെന്നും ഹരജി പരിഗണിച്ച ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. ഭയക്കുന്നില്ലെന്നായിരുന്നു മറുപടി. പിന്നെന്തിനാണ് വിവരങ്ങൾ നൽകാൻ മടിക്കുന്നതെന്ന് കോടതി ചോദിച്ചു. രേഖകൾ ആവശ്യമെങ്കിൽ കൊടുക്കാം. ഇല്ലെങ്കിൽ ഇക്കാര്യം അറിയിക്കാമല്ലോയെന്നും അഭിപ്രായപ്പെട്ടു. രേഖകൾ നൽകാമെന്നും അനേകം വാല്യങ്ങളുള്ള ബുക്ക്സ് ഓഫ് അക്കൗണ്ട് ഹാജരാക്കാൻ സാവകാശം വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേയെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു. തുടർന്ന് ഹരജി വീണ്ടും ഫെബ്രുവരി 12ന് പരിഗണിക്കാൻ മാറ്റി.

എക്സാലോജിക് കമ്പനിക്കെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം വേണമെന്ന ഷോണിന്‍റെ ഹരജിയും ഇതേ ബെഞ്ചിന്‍റെ പരിഗണനയിലാണ്. ഇതിനൊപ്പമാകും കെ.എസ്.ഐ.ഡി.സി ഹരജിയും പരിഗണിക്കുക.

Tags:    
News Summary - Investigation against KSIDC The High Court said that it cannot be prevented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.