ബെവ്കോയെ സപ്ലൈകോയുമായി ലയിപ്പിക്കുന്നതിനെതിരെ ഐ.എൻ.ടി.യു.സി

കോഴിക്കോട്: യു.ഡി.എഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലെ പ്രധാനപ്പെട്ട നിർദേശത്തിനെതിരേ കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സി. ബെവ്കോയെ സപ്ലൈകോയുമായി ലയിപ്പിക്കണമെന്ന നിർദേശം പുനപ്പരിശോധിക്കണമെന്ന് ഐ.എൻ.ടി.യു.സി (പൊതുമേഖല ചാർജ്) ജില്ലാ ജനറൽ സെക്രട്ടറി കെ. ഷാജി ആവശ്യപ്പെട്ടു. നിലവിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ബെവ്കോ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുമായി ലയിപ്പിക്കുമ്പോൾ രണ്ടും നഷ്ടത്തിലേക്ക് പോകുന്ന അവസ്ഥ വരും.

സപ്ലൈകോയെ മെച്ചപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ അതിന് സർക്കാർ ഖജനാവിൽ നിന്നുള്ള പണം എടുക്കണം. അല്ലാതെ ബിവറേജ് കോർപ്പറേഷന് ലഭിക്കുന്ന ലാഭം ഉപയോഗിക്കരുത്. ഇങ്ങനെ ഉപയോഗിച്ചാൽ ബെവ്കോ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് പോകും.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇത്തരം തീരുമാനങ്ങൾ വന്നിരുന്നു. ഉദ്യോഗസ്ഥന്മാരുടെ മാത്രം വാക്കുകേട്ട് സർക്കാർ പ്രവർത്തിച്ചാൽ വലിയ അപകടത്തിലേക്ക് പോകും. ഇക്കാര്യത്തിൽ വ്യക്തമായ പഠനവും യൂണിയനുകളുമായി ചർച്ചയും വേണമെന്നും കെ. ഷാജി ആവശ്യപ്പെട്ടു.

സപ്ലൈകോയിൽ ലയിപ്പിക്കുന്നതിനെതിരെ ബെവ്കോ ജീവനക്കാരിൽ നിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബെവ്കോയെ സപ്ലൈകോയുമായി ലയിപ്പിക്കുന്നത് ഭാവിയിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ മദ്യം വിൽപ്പനക്കെത്തുന്ന സാഹചര്യമുണ്ടാക്കുമോ എന്ന ആശങ്കയും ഒരു വിഭാഗം പ്രകടിപ്പിക്കുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങൾ പരിഷ്കരിക്കുക, കെ.എസ്.ഇ.ബി പോലുള്ള പ്രധാന പൊതുയൂട്ടിലിറ്റി സ്ഥാപനങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുക തുടങ്ങിയവയാണ് ധവളപത്രത്തിലെ പ്രധാന നിർദേശങ്ങൾ.

സബ്സിഡികൾ സ്ഥാപനങ്ങൾക്ക് നൽകുന്നതിന് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകുക, പൊതുസേവനങ്ങൾക്ക് പൂർണ സബ്സിഡി, വൈദ്യുതി ഉൽപാദന ശേഷി വർധിപ്പിക്കുക, നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളുടെ പുനഃസംഘടന, കൃത്യമായ ഓഡിറ്റ് എന്നിവയും ധവളപത്രം നിർദേശിക്കുന്നു.

Tags:    
News Summary - INTUC opposes merger of Bevco with Supplyco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.