അന്തർ സംസ്ഥാന ബസുകളിലെ നിരക്ക് നിശ്ചയിക്കും; ജൂൺ ഒന്ന് മുതൽ ജി.പി.എസ്

തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന അന്തർ സംസ്ഥാന ബസുകളിൽ ജൂൺ ഒന്ന് മുതൽ ജി.പി.എസ് നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കും. ബസുകളിൽ സ് പീഡ് ഗവർണർ സ്ഥാപിക്കുന്നത് നിർബന്ധമാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദിച്ച സാഹചര്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ശശീന്ദ്രൻ തീരുമാ നങ്ങൾ അറിയിച്ചത്.

സ്വകാര്യ ബസുകൾ നടത്തുന്ന നിയമലംഘനവും നികുതി വെട്ടിപ്പും കണ്ടുപിടിക്കാൻ പൊലീസിന്‍റെയും നികുതി വകുപ്പിന്‍റെയും സഹായം തേടും. കേരളത്തിലേക്ക് വരുന്ന വാഹനങ്ങളിൽ സ്പീഡ് ഗവർണർ ഘടിപ്പിച്ചില്ലെങ്കിൽ നിയമലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കും.

കോൺട്രാക്ട് ക്യാരേജുകൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കും. ഇതിനായി ജസ്റ്റിസ് രാമചന്ദ്രൻ നായർ അധ്യക്ഷനായ ഫെയർസ്റ്റേജ് നിർണയ കമ്മിറ്റിയെ ചുമതലപ്പെടുത്തും. കോൺട്രാക്ട് ക്യാരേജുകളുടെ നിരക്ക് നിശ്ചയിക്കാൻ സാധിക്കുമോ, ഏത് വിധത്തിൽ നിരക്ക് നിശ്ചയിക്കാം, കൂടിയ നിരക്കും കുറഞ്ഞ നിരക്കും എത്ര എന്നീ കാര്യങ്ങൾ പഠിച്ച് ഫെയർസ്റ്റേജ് നിർണയ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

അന്തർ സംസ്ഥാന ബസ് സർവീസുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിയമലംഘനങ്ങളും നികുതിവെട്ടിപ്പും അടക്കമുള്ള കുറ്റങ്ങൾ ചെയ്യുന്നുണ്ട്. യാത്രക്കാർ ഉപദ്രവമാവാത്ത തരത്തിൽ അന്തർ സംസ്ഥാന സർവീസുകളെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം.

നിരാസ കാരണത്തിന്‍റെ പേരിൽ കെ.എസ്.ആർ.ടി.സിയുടെ അന്തർ സംസ്ഥാന സർവീസുകൾ റദ്ദാക്കാൻ പാടില്ല. സർവീസുകൾ റദ്ദാക്കുമ്പോൾ പകരം ബസുകൾ ഉപയോഗിച്ച് സർവീസ് നടത്താനുള്ള സംവിധാനം ഏർപ്പെടുത്തണം. കെ.എസ്.ആർ.ടി.സി വാടകക്ക് എടുത്ത ബസ് തകരാറിലായാൽ പകരം ബസ് നൽകാൻ ഉടമ ബാധ്യസ്ഥമാണെന്നും എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

Tags:    
News Summary - Inter State Bus Service AK Saseendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.