ശശീന്ദ്രനുൾപ്പെടെ പലരെയും കെണിയിലാക്കാൻ ശ്രമം നടന്നെന്ന് ഇന്‍റലിജൻസ് കണ്ടെത്തൽ

തിരുവനന്തപുരം: മുൻമന്ത്രി എ.കെ ശശീന്ദ്രനുൾപ്പെടെ പല ഉന്നതരെയും കെണിയിൽപ്പെടുത്താൻ ചിലർ ശ്രമിച്ചെന്ന് ഇന്‍റലിജൻസ് കണ്ടെത്തൽ. മന്ത്രിമാരുടെയും ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അവരെ കുടുക്കാൻ ഉന്നതതലഗൂഢാലോചന നടന്നെന്നും ചില ചാനൽ പ്രവർത്തകർ ഇതിന് ചുക്കാൻ പിടിച്ചതായും സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗം വൃത്തങ്ങൾ പറയുന്നു. ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം തെറിപ്പിച്ച വിവാദഫോൺ സംഭാഷണം ഇത്തരത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായുണ്ടായതാണെന്ന് കരുതുന്നതായും ഇന്‍റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

അടുത്തിടെ ലോഞ്ച് ചെയ്ത ചാനലിന്‍റെ അണിയറക്കാർ ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് ഇന്‍റലിജൻസ് കണ്ടെത്തിയതായാണ് വിവരം.എന്നാലിക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ അധികൃതർ തയ്യാറായില്ല. ഇതിന്‍റെ അടിസ്ഥാനത്തിൽ ചാനിലിലെ പലരും പൊലീസ് നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്. അതേസമയം, ഇത്തരത്തിലുള്ള 'കെണികൾ ' നടക്കാൻ സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് നേരത്തെയുണ്ടായിരുന്നു. എന്നാൽ, അധികൃതർ ഇക്കാര്യം ഗൗരവമായി കാണാത്തതാണ് പുതിയ വിവാദങ്ങൾക്കാധാരമെന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ പറയുന്നു. 

ഏതാനും മാസങ്ങൾക്ക് മുമ്പ് മന്ത്രിമാരുടെ പേഴ്സണൽസ്റ്റാഫിന്‍റെ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്തിരുന്നു. ഇതിൽ സ്റ്റാഫുകളാരും 'കെണികളിൽ' പെടരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അഭ്യുദയകാംക്ഷികളുടെയും ആവലാതിക്കാരുടെയും രൂപത്തിൽ വരുന്ന എല്ലാവരെയും വിശ്വസിക്കരുതെന്നാ‍യിരുന്നു മുഖ്യമന്ത്രിയുടെ പ്രധാനനിർദ്ദേശം.

ഇടനിലക്കാരെ സെക്രട്ടറിയേറ്റ് വരാന്തകളിൽ അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ, ശശീന്ദ്രന്‍റെ ഓഫീസിലെ ചില ഉദ്യോഗസ്ഥർ ഇക്കാര്യം വേണ്ട ഗൗരവത്തോടെയല്ല എടുത്തത്. ശശീന്ദ്രന്‍റെ പേരിൽ പുറത്തുവന്ന വിവാദ ഫോൺ സംഭാഷണം നടത്തിയെന്ന് കരുതുന്ന സ്ത്രീ അദ്ദേഹത്തിന്‍റെ ഓഫീസിൽ പല തവണ വന്നിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ചില മാറ്റങ്ങൾ മന്ത്രിമാരുടെ ഓഫീസിൽ വരുത്തുന്നകാര്യവും പരിഗണനയിലാണ്.

Tags:    
News Summary - intelligence found the trap secret activities of ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.