കോഴിക്കോട്: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ചേർന്ന് നിതീഷ് കുമാറിന്റെ ജെ.ഡി.യു നേടിയ അപ്രതീക്ഷിത വിജയവും തേജസ്വി യാദവിന്റെ ആർ.ജെ.ഡിയുമായി കൈകോർത്ത് രാഹുൽഗാന്ധി രൂപപ്പെടുത്തിയ മഹാസഖ്യത്തിന്റെ പതനവും അമ്പരപ്പിക്കുന്നതും ദേശീയ രാഷ്ട്രീയത്തിന്റെ പുതിയ ദിശ നിർണയിക്കുന്നതുമാണെന്നും ഐ.എൻ.എൽ.
100 ലേറെ സീറ്റുമായി ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായി വളർന്നത് പിന്നാക്ക സംസ്ഥാനമായി ഇതുവരെ ഗണിക്കപ്പെട്ട ബിഹാറിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ തെറ്റിക്കുന്നതാണ്. രാഹുലും തേജസ്വിയും ആഗ്രഹിക്കുന്നത് പോലെ നിതീഷ് കുമാറിന്റെ രാഷ്ട്രീയത്തിന് വാർധക്യം ബാധിച്ചിട്ടില്ലെന്ന് അസന്നിഗ്ദമായി സമർഥിച്ചിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തെരഞ്ഞെടുപ്പ് ക്യാമ്പയിൻ കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ പ്രവചിച്ചത് 160 നു മുകളിൽ സീറ്റ് നേടി ഭരണത്തുടർച്ച ഉറപ്പാക്കും എന്നാണ്. എന്നാൽ 243ൽ 200 ലേറെ സീറ്റ് നേടുന്ന അത്ഭുതത്തിന്‍റെ കാരണമെന്താണെന്ന് കണ്ടുപിടിച്ചേ പറ്റൂ. നേരത്തെ തന്നെ ആരോപിക്കപ്പെട്ടത് പോലെ തീവ്ര വോട്ടർപട്ടിക പരിശോധന വഴി പുറം തള്ളപ്പെട്ട 64 ലക്ഷം വോട്ടർമാരുടെ അഭാവം കോൺഗ്രസിന്റെയും ആർ.ജെ.ഡിയുടെയും വോട്ട് അടിത്തറ തകർത്തുവോ? 18 ശതമാനത്തോളം വരുന്ന മുസ്‌ലിംകളും അത്രതന്നെ പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങളും ജീവിക്കുന്ന മണ്ണിൽ ഹിന്ദുത്വ ശക്തികൾക്ക് എങ്ങനെ ഈ മട്ടിൽ ജയിച്ചു കയറാൻ സാധിച്ചു?
35 - 40 ശതമാനം മുസ്‌ലിം വോട്ടർമാരുള്ള, കഴിഞ്ഞ തവണ 15 സീറ്റ് നേടിയ ഉവൈസിയുടെ പാർട്ടി സീമാഞ്ചൽ, കോസി മേഖല പിടിച്ചടക്കി. ബി.ജെ.പി എങ്ങനെ തിളക്കമാർന്ന വിജയം കൈവരിച്ചു? തേജസ്വി - രാഹുൽ യുവനേതുത്വം നടത്തിയ വോട്ട് മോഷണത്തിനും ഹിന്ദുത്വ വർഗീയ അജണ്ടക്കും എതിരായ പ്രചാരണം ഒരുതരത്തിലുള്ള അനുരണവും സൃഷ്ടിച്ചില്ല എന്നല്ലേ കരുതേണ്ടത് ? അതല്ല, കഴിഞ്ഞ അഞ്ചു വർഷം നിതീഷ് കുമാർ യാഥാർത്ഥ്യമാക്കിയ അടിസ്ഥാന വികസനവും സ്ത്രീ സുരക്ഷാ പദ്ധതികളും കാവിക്കൊടിയുടെ നിറം മറന്ന് വോട്ട് ചെയ്യാൻ മാത്രം പ്രചോദനമായിട്ടുണ്ടോ?
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര സർക്കാർ നൽകിയ പണം കൊണ്ട് ഒരു കോടിയോളം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പതിനായിരം രൂപ വീതം ഒഴുക്കിയതും നാട്ടിൽ സ്വൈര ജീവിതം ഉറപ്പാക്കിയതും ആണോ നിതീഷിന് തിളക്കമാർന്ന വിജയം നേടിക്കൊടുത്തത് ? രാഷ്ട്രീയ കക്ഷികളുടെയെല്ലാം കണ്ണ് തുറപ്പിക്കുന്ന ഈ ജനവിധി നമ്മുടെ ജനാധിപത്യ പ്രയാണം ഏത് ദിശയിലേക്കാണെന്ന മുന്നറിപ്പാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.