വിലക്കയറ്റം: ജില്ല തോറും മൊബൈൽ വിൽപനശാലകൾ

തിരുവനന്തപുരം: വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ സബ്സിഡി സാധനങ്ങൾ ജനങ്ങളിലേക്ക്​ നേരിട്ടെത്തിക്കുന്നതിനും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുമായി ജില്ലകൾ തോറും സപ്ലൈകോയുടെ മൊബൈൽ വിൽപനശാലകൾ എത്തുമെന്ന്​ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഒരു ജില്ലയിൽ അഞ്ച്​ മൊബൈൽ യൂനിറ്റുകൾ എന്ന നിലയിൽ രണ്ടുദിവസങ്ങളിലായി സാധനങ്ങൾ വിതരണം ചെയ്യുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം 30ന്​ തിരുവനന്തപുരത്ത്​ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ്​ ജില്ലകളിലും പദ്ധതി നടപ്പാക്കും. ഒരു മൊബൈൽ വാഹനം ഒരു ദിവസം ഒരു താലൂക്കിലെ അഞ്ചു കേന്ദ്രങ്ങളിൽ എത്തി റേഷൻ കാർഡ് ഉടമകൾക്ക് സാധനങ്ങൾ നൽകും. ഒരു മൊബൈൽ യൂനിറ്റ് രണ്ടുദിവസങ്ങളിലായി ഒരു താലൂക്കിലെ 10 പോയൻറുകളിൽ വിതരണം നടത്തുന്നവിധമാണ്​ ക്രമീകരണം. അങ്ങനെ രണ്ടുദിവസങ്ങളിലായി അഞ്ച്​ വാഹനങ്ങൾ ഒരു താലൂക്കിലെ 50 പോയൻുകളിൽ എത്തും. തീരദേശം, മലയോരം, ആദിവാസി ഊരുകൾ എന്നിവിടങ്ങൾക്ക്​ മുൻഗണന നൽകിയാകും മൊബൈൽ വിൽപനശാലകളുടെ യാത്ര. സംസ്ഥാനത്തെ അഞ്ച്​ മേഖലകളിലുള്ള 52 ഡിപ്പോകളിൽ സാധനങ്ങൾ സംഭരിച്ചാണ്​ പദ്ധതി നടപ്പാക്കുന്നത്.

രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി കഴിഞ്ഞ നാലുദിവസത്തിനിടെ 5,919 മെട്രിക് ടൺ നിത്യോപയോഗ സാധനങ്ങൾ സംസ്ഥാനത്ത് എത്തിച്ചു. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ കാർഡ് ഉടമകൾക്കും സപ്ലൈകോ വഴി സബ്സിഡി സാധനങ്ങൾ ലഭിക്കും - മന്ത്രി അറിയിച്ചു. 

Tags:    
News Summary - Inflation: Mobile outlets by district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.