രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം തലസ്ഥാനത്തൊരുങ്ങുന്നു

തിരുവനന്തപുരം: ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും ശേഷിപ്പുകളായ താളിയോലകൾ സംരക്ഷിക്കാനും പ്രദർശിപ്പിക്കാനുമായി സംസ്ഥാന പുരാരേഖ വകുപ്പിന് കീഴിൽ രാജ്യത്താദ്യമായി താളിയോല മ്യൂസിയം ഒരുങ്ങുന്നു.

പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിലധികം താളിയോലകളുടെ ശേഖരമാണ് തിരുവനന്തപുരം കോട്ടയ്ക്കകത്തെ സെൻട്രൽ ആർക്കൈവ്‌സിലെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുക. സെപ്റ്റംബർ അവസാനത്തോടെ മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

വേണാട് കാലം മുതലുള്ള ഭരണരേഖകൾ, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലെ രാഷ്ട്രീയ-സാമൂഹിക വിവരങ്ങൾ അടങ്ങിയ പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള താളിയോലകൾ തുടങ്ങിയവയുടെ ശേഖരമാണ് മ്യൂസിയത്തിൽ സജ്ജീകരിക്കുന്നത്. താളിയോലകൾ വായിക്കാനും ഗവേഷണം നടത്താനുമുള്ള സൗകര്യം മ്യൂസിയത്തിലുണ്ടാകും. വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ തുടങ്ങിയ പ്രാചീന ലിപികളിലുള്ള താളിയോലകളുടെ ലിപ്യന്തരണം പ്രദർശിപ്പിക്കും. ഇതിലൂടെ പ്രാചീന ലിപിയിലുള്ള എഴുത്ത് പരിഭാഷപ്പെടുത്താതെ തന്നെ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വായിക്കാം. ഇതിനായി ഗവേഷണസംഘം പുരാരേഖ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

താളിയോലകളിൽ അധികവും ഭരണപരമായ രേഖകളാണ്. ഉത്തരവുകൾ, ഭൂമി ക്രയവിക്രയം, കോടതി രേഖകൾ, മതിലകം രേഖകൾ തുടങ്ങിയവയും ഉൾപ്പെടുന്നു. പാരമ്പര്യ എഴുത്തുവിദ്യയുടെ പരിണാമവും മ്യൂസിയത്തിൽ കാണാം. പഴയ തറവാടുകളിൽ ഉൾപ്പെടെ കേരളത്തിൽ പലയിടങ്ങളിലും സംരക്ഷിക്കപ്പെടാതെ നശിക്കുന്ന താളിയോലകൾ വീണ്ടെടുക്കാനും സൂക്ഷിക്കാനും കമ്യൂണിറ്റി ആർക്കൈവ്‌സ് എന്ന പേരിൽ പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതിയുണ്ട്. ആവശ്യമെങ്കിൽ താളിയോലകൾ അതത് വീടുകളിൽ സംരക്ഷിച്ച് സൂക്ഷിക്കുന്നതിനും വകുപ്പ് സൗകര്യമൊരുക്കും.

Tags:    
News Summary - Indias first Palm-leaf manuscript museum is coming up in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.