തിരുവനന്തപുരം: ആശാപ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുമെന്നും വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയ പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നടപടി ജനങ്ങളെയും തൊഴിലാളികളെയും വഞ്ചിക്കുന്നതാണെന്ന് മുൻ ധനമന്ത്രി കെ. എൻ ബാലഗോപാൽ. അധികാരത്തിൽ എത്തിയാൽ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശമാരുടെ ആവശ്യങ്ങൾ നടപ്പിലാക്കുമെന്ന് സെക്രട്ടറിയേറ്റ് സമരപ്പന്തലിൽ പോയി പ്രഖ്യാപിച്ച ഇന്നത്തെ മുഖ്യമന്ത്രിയുടെ നടപടി ഇപ്പോൾ 'മല എലിയെ പ്രസവിച്ചത് പോലെ' ആയിരിക്കുകയാണെന്നും, വെറും 3000 രൂപയുടെ വർദ്ധനവ് മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പദ്ധതി തൊഴിലാളികളോട് കാണിച്ച പ്രതിബദ്ധത കേരളത്തിന് ബോധ്യമുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം, കഴിഞ്ഞ ആറുമാസത്തിനുള്ളിൽ രണ്ടുതവണയായി 2000 രൂപയുടെ വർദ്ധനവ് ആശാപ്രവർത്തകരുടെ വേതനത്തിൽ എൽ.ഡി.എഫ് സർക്കാർ വരുത്തിയിരുന്നതായി എന്നും പറഞ്ഞു. രണ്ടാം പിണറായി സർക്കാർ മാത്രം 3000 രൂപയുടെ ആകെ വർദ്ധനവ് ആശാപ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ അംഗൻവാടി, പ്രീ പ്രൈമറി, സ്കൂൾ പാചക തൊഴിലാളി, കരാർ ജീവനക്കാർ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഇതേ നിരക്കിൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു നൽകാൻ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചിട്ടുണ്ട്.
കേരളത്തിൽ പദ്ധതി തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചതിന്റെ മുൻകാല കണക്കുകൾ നിരത്തിയായിരുന്നു മുൻ ധനമന്ത്രിയുടെ വിമർശനം. ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ വെറും 1000 രൂപയായിരുന്ന ആശാപ്രവർത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ 9000 രൂപയായി വർദ്ധിപ്പിച്ചു നൽകി, അതായത് 8,000 രൂപയുടെ ആകെ വർദ്ധനവാണ് ഇടതുപക്ഷ ഭരണകാലയളവിൽ മാത്രം ആശാപ്രവർത്തകർക്ക് നൽകിയത്. എന്നാൽ മുൻ യു.ഡി.എഫ് ഭരണകാലത്ത് വി.എസ് അച്യുതാനന്ദൻ സർക്കാർ ചുമതല ഒഴിയുമ്പോൾ 500 രൂപയായിരുന്ന ആശാ ഓണറേറിയം വർദ്ധിപ്പിക്കാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന സമരങ്ങൾ കേരളം മറന്നിട്ടില്ലെന്നും അന്ന് അഞ്ചു വർഷത്തെ ഭരണത്തിനൊടുവിൽ വെറും 500 രൂപയുടെ വർദ്ധനവ് മാത്രമാണ് പ്രഖ്യാപിച്ചതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. വലിയ വാഗ്ദാനങ്ങൾ നൽകി വോട്ട് വാങ്ങി അധികാരത്തിലെത്തിയ ശേഷം തൊഴിലാളി വർഗ്ഗത്തെ കബളിപ്പിക്കുന്ന യു.ഡി.എഫ് ശൈലി തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.