പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായനികുതി റെയ്ഡ്

തിരുവനന്തപുരം: കേരളത്തിലെ പത്തോളം പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായ നികുതി റെയ്ഡ്. വലിയ വരുമാനത്തിന് അനുസരിച്ചുള്ള ആദായ നികുതി യൂട്യൂബർമാർ അടക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ഐ.ടിയുടെ പരിശോധന. നടിയും അവതാരികയുമായ പേളി മാണി, ഫിഷിങ് ഫ്രീക്ക് സെബിൻ, അൺബോക്സിങ് ഡൂഡ്, എം ഫോർ ടെക്, അഖിൽ എൻ.ആർ.ബി, അർജു, ജയരാജ് ജി നാഥ്, റെയ് സ്റ്റാർ എന്നിവരുടെ വീടുകളിൽ പരിശോധന നടക്കുന്നതായാണ് വിവരം.

ആദായനികുതി ഇൻവെസ്റ്റിഗേഷൻ വകുപ്പിന്‍റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡ്. കൊച്ചി, കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളിലാണ് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. സിനിമകളിൽ അഭിനയിച്ചിട്ടുള്ള യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും സാമ്പത്തിക ഇടപാടുകളും പരിശോധനയുടെ ഭാഗമാണ്.

യൂട്യൂബ് ചാനലുകളിൽ അപ് ലോഡ് ചെയ്യുന്ന വിഡിയോ കാണുന്നതിന്‍റെ സമയം അനുസരിച്ചാണ് ഓരോ യൂട്യൂബർമാർക്കും വരുമാനം ലഭിക്കുന്നത്. ഒരു കോടി മുതൽ രണ്ട് കോടി വരെ വാർഷിക വരുമാനം ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് ഐ.ടി വകുപ്പിന്‍റെ കണ്ടെത്തൽ. ഈ വരുമാനത്തിന് അനുസൃതമായി നികുതി അടക്കുന്നില്ല.

യൂട്യൂബ് കൂടാതെ, മറ്റ് മാർഗങ്ങളിലൂടെയും വരുമാനം ലഭിക്കുന്നുണ്ടെന്നും അത് നികുതിയുടെ പരിധിയിൽ വരുന്നില്ലെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Income tax raids on homes and offices of prominent YouTubers in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.