യുവാവ് ട്രെയിന്‍തട്ടി മരിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്

അമ്പലപ്പുഴ: പുന്നപ്രയിൽ നന്ദു എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ റെയിൽപ്പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി.ജയ്ദേവ് അറിയിച്ചു. മരണം വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് എസ്.പി പറഞ്ഞു. ഉത്തരവിറങ്ങിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബേബി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി നന്ദുവിന്‍റെ മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.

നന്ദുവിന്‍റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും പരിശോധന നടത്തി. അതിനിടെ നന്ദുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് 8 പേർക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. മുന്ന, ഫൈസൽ, നിധിൻ, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവൻ, റോബിൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ നന്ദുവിന്‍റെ ഫോൺ സംഭാഷണത്തിൽ പേരുൾപ്പെട്ടിരുന്ന മുന്ന, ഫൈസൽ എന്നിവരെ ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

എല്ലാവരും നന്ദുവിന്‍റെ അയൽവാസികളാണ്. ഇവരിൽ ചിലർ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. സംഭവത്തിൽ പുന്നപ്ര പൊലീസ് മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിലൊന്ന് നന്ദുവിന്‍റെ അസ്വാഭാവിക മരണമാണ്. നന്ദു ഉൾപ്പെട്ട അടിപിടിക്കേസ്, നന്ദുവിന്‍റെ സഹോദരി നൽകിയ പരാതി എന്നിവയിലാണ് മറ്റു രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നന്ദുവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. അടിപിടിയെ തുടർന്ന് ചിലർ പിന്തുടർന്നപ്പോഴാണ് നന്ദു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

കേന്ദ്രമന്ത്രി വീട് സന്ദർശിച്ചു

അമ്പലപ്പുഴ: നന്ദുവിന്‍റെ വീട് കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബെ സന്ദർശിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് കേന്ദ്ര മന്ത്രി ഇവിടെയെത്തിയത്. നന്ദുവിന്‍റെ മാതാപിതാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും കേന്ദ്ര സഹമന്ത്രി വിവരങ്ങൾ തേടി. പിന്നീട് ജില്ല പൊലീസ് മേധാവിയുമായി ഫോണിൽ സംസാരിച്ചു.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, ജില്ല പ്രസിഡന്‍റ് എം.വി ഗോപകുമാർ, ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, സെൽ കോഓഡിനേറ്റർ അനിരുദ്ധൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് വി.ബാബുരാജ്, യുവമോർച്ച മണ്ഡലം പ്രസിഡന്‍റ് ആദർശ് മുരളി, മണ്ഡലം കമ്മിറ്റി അംഗം എം.അജിമോൻ, എൻ.രാജേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - Incident of death of young man hit by train: Investigation by Crime Branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.