കണ്ണൂര്‍: പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി. കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം. ജില്ല സെക്രട്ടറിയേറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനാണ് നടപടി ജില്ല കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നടപടി 27ന് പയ്യന്നൂരിലെ പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ച് റിപ്പോര്‍ട്ട് ചെയ്യും. പുറത്താക്കലിന് പിന്നാലെ ലോക്കല്‍, ജനറല്‍ ബോഡി യോഗങ്ങള്‍ ചേരാനും തീരുമാനമായിട്ടുണ്ട്. ഇന്ന് 3.30ന് കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തില്‍ ടി.ഐ. മധുസൂദനൻ എം.എൽ.എക്കെതിരെ കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. കുഞ്ഞികൃഷ്ണന്‍ പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്നാണ് എം.വി. ജയരാജന്‍റെ വാദം. പാർട്ടി അന്വേഷിച്ച് ക്രമക്കേടില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഫണ്ട് പിരിവിന്‍റെ പേരില്‍ ധനാപഹരണം നടത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. കുഞ്ഞികൃഷ്ണൻ പറഞ്ഞ കാര്യങ്ങളിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ആരും വ്യക്തിപരമായി ധനാപഹരണം നടത്തിയിട്ടില്ല എന്നാണ് പാർട്ടി കണ്ടെത്തലെന്നും ജയരാജൻ വ്യക്തമാക്കി. പാർട്ടിയുടെ നിലപാടിന് യോജിക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരെ ഒരു രീതിയിലും വെച്ചുപൊറുപ്പിക്കില്ലെന്നാണ് കെ.കെ. രാഗേഷ് പറഞ്ഞത്.
ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ ഒരുകോടിയോളം രൂപ പിരിച്ചെടുത്ത് ഇതിൽനിന്ന് വലിയ തുക വകമാറ്റിയതായും ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിൽ വന്ന കടം വീട്ടിയതായും കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഫണ്ട് തിരിമറി അന്വേഷിക്കാൻ നിയോഗിച്ച ടി.വി. രാജേഷ്, പി.വി. ഗോപിനാഥ് എന്നിവർ അംഗങ്ങളായ കമീഷൻ പാർട്ടിക്ക് നഷ്ടം വരുത്തിയില്ല എന്നാണ് പറഞ്ഞത്. കണക്ക് അവതരിപ്പിക്കാൻ വൈകിയതിനു മാത്രമാണ് നടപടി ഉണ്ടായത്. ഇ.പി. ജയരാജനെക്കുറിച്ച് ആരോപണമുന്നയിച്ചപ്പോഴും കമീഷന്റെ നടപടി ഏകപക്ഷീയമായിരുന്നു. ഏരിയ കമ്മിറ്റിയിലെ 17 പേർ എതിർത്തിട്ടും തന്നെ ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. പാർട്ടിക്കുള്ളിൽ പോരാടാനായിരുന്നു നേതാക്കൾ വിളിച്ചപ്പോൾ പാർട്ടിയിലേക്ക് തിരിച്ചുപോയത്. എന്നാൽ, ആ പ്രതീക്ഷ അസ്തമിച്ചതിനാലാണ് ജനങ്ങളോട് തുറന്നുപറയുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
തന്റേത് ഒറ്റയാള്‍ പോരാട്ടമല്ലെന്ന് വി. കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല. അതിനാല്‍ തന്നെ ഇതൊരു ഒറ്റയാള്‍ പോരാട്ടമായി കാണേണ്ടതില്ല. പയ്യന്നൂരിലെ പാര്‍ട്ടി സഖാക്കളില്‍ വലിയ വിഭാഗം ഒപ്പമുണ്ട്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ തന്നെ പുറത്താക്കിയാലും വിഭാഗീയത ഉണ്ടാകാനിടയില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.