തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനു പിന്നാലെ, രോഗി മരിച്ച സംഭവത്തിൽ നെഫ്രോളജി വിഭാഗം ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. നെഫ്രോളജി വിഭാഗം മേധാവി ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്കുള്ള നിര്‍ദേശം നല്‍കിയില്ലെന്നും അനുമതിയില്ലാതെ ആശുപത്രിയില്‍നിന്ന് വിട്ടുനിന്നെന്നും പകരം ചുമതല നല്‍കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ശസ്ത്രക്രിയ വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണം. സംഭവസമയത്ത് അവയവമാറ്റ ഏജന്‍സി കോഓഡിനേറ്റേഴ്സും ആശുപത്രിയിലുണ്ടായിരുന്നില്ല. വീഴ്ച വരുത്തിയവര്‍ക്കെതിരെ അടച്ചടക്ക നടപടിക്കും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. തുടർ നടപടിയെടുക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ പുതുക്കിയത് മാനദണ്ഡപ്രകാരമായിരുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.
ജൂൺ 20 നാണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് കാരക്കോണം സ്വദേശി സുരേഷ് കുമാർ മരിച്ചത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്‍റെ വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൃത്യസമയത്ത് എത്തിച്ചെങ്കിലും ഏകോപനമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകുകയായിരുന്നു. അതേസമയം കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുമുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനെ തുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാനിടയായതെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ ഏകോപനത്തിലെ വീഴ്ച മറയ്ക്കാൻ ആംബുലൻസ് ജീവനക്കാരുടെ മേൽ പഴിചാരാനുള്ള നീക്കമടക്കം ആദ്യ ഘട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ നീക്കങ്ങൾ പൊളിഞ്ഞു. വൃക്കയടങ്ങിയ പെട്ടി തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രിയും അന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.