ഹൈദരലി ശിഹാബ് തങ്ങൾ

ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവിസ് അക്കാദമി 31ന് നാടിന് സമർപ്പിക്കും

മലപ്പുറം: സൗജന്യ സിവിൽ സർവിസ് പരിശീലന കേന്ദ്രമായ പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവിസ് അക്കാദമി ഈ മാസം 31ന് നാടിന് സമർപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

അക്കാദമി പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി ഐ.എസ്.എസ് വിദ്യാഭ്യാസ സമുച്ചയത്തിലാണ് ഉദ്ഘാടന ചടങ്ങ്. കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത 100 പേർക്കാണ് പ്രവേശനം. അയ്യായിരത്തോളം പേരിൽ നിന്നണ് ഇവരെ തെരഞ്ഞെടുത്തത്. രണ്ടുകോടിയാണ് ഒരുവർഷം പ്രതീക്ഷിക്കുന്ന ചെലവ്. ഒരുകുട്ടിക്ക് രണ്ടുലക്ഷം രൂപ ചെലവ് വരും. ഡിജിറ്റൽ ക്ലാസ് റൂം, ലൈബ്രറി, കോൺഫറൻസ് ഹാൾ, സ്റ്റുഡിയോ, ഹോസ്റ്റൽ, കാന്‍റീൻ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മൂന്ന് എം.ബി.ബി.എസുകാർ, ഐ.ഐ.ടി പാസായവർ, ഒരു വരുമാനവുമില്ലാത്ത കുടുംബങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ സമൂഹത്തിന്‍റെ മുഴുവൻ വിഭാഗങ്ങളിൽ നിന്നുള്ളവരും തെരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്. പൊന്ന്യാകുർശ്ശി ഐ.എസ്.എസ് എജുക്കേഷനൽ സൊസൈറ്റിയാണ് സ്ഥലം നൽകിയത്. മൂന്നരക്കോടി ചെലവിലാണ് കെട്ടിടം നിർമിച്ചത്.

വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തന മേഖലയിൽ ശ്രദ്ധേയരായ ഫൈസൽ ആൻഡ് ശബാന ഫൗണ്ടേഷൻ പദ്ധതിയുടെ പ്രധാന പങ്കാളിയാണ്. നജീബ് കാന്തപുരം എം.എൽ.എ, മുദ്ര എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. പി. ഉണ്ണീൻ, ഫൈസൽ ആൻഡ് ശബാന ഫൗണ്ടേഷൻ ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Inauguration of Hyderali Shihab Thangal Civil Service Academy on 31st july

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.