കോട്ടയം: കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ 16ാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെയും വളർത്തു പക്ഷികളെയും അടിയന്തരമായി നശിപ്പിക്കാൻ തീരുമാനിച്ചു. വൈക്കം നഗരസഭ ഉൾപ്പെടെ ഏട്ട് തദ്ദേശ സ്ഥാപന മേഖലകളിലും നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇവിടങ്ങളിൽ താറാവ്, കോഴി തുടങ്ങിയ വളർത്തു പക്ഷികളുടെ മുട്ടയും ഇറച്ചി ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും മൂന്നു ദിവസത്തേക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.
പക്ഷിപ്പനി പക്ഷികളിൽ പടരുന്ന ഒരു വൈറസ് രോഗമാണ്. മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണ്. കൂട്ടമായി തൂവൽ കൊഴിയുക, മുട്ട ഇടുന്നത് കുറയുക /കട്ടിയുള്ള തോടോട് കൂടിയ മുട്ട ഇടുക, തീറ്റയെടുക്കാൻ മടിക്കുക, മന്ദത പൂവ്, കൊക്ക്, ആട എന്നിവയിൽ നീലനിറം, വയറിളക്കം, തലയും കണ്ണിന് ചുറ്റും നീർകെട്ട്, ശ്വാസതടസ്സം, നടക്കാനും നിൽക്കാനും ബുദ്ധിമുട്ട്, എന്നിങ്ങനെയാണ് പ്രധാന രോഗലക്ഷണങ്ങൾ. പക്ഷികളുടെ സ്രവങ്ങളിലൂടെ വൈറസ് പുറത്തുവരുന്നത്.
വായുവിലെ സൂക്ഷ്മകണികകളിലൂടെയും മലിനമായ തീറ്റയിലൂടെയും തുണി, പക്ഷിക്കൂട്, രോഗബാധയുള്ള പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയിലൂടെയും രോഗം പകരാമെന്നും ആരോഗ്യവകുപ്പ് പറയുന്നു. നിർദേശങ്ങൾ പാലിക്കണമെന്നും ലക്ഷണങ്ങൾ കണ്ടാൽ സമീപത്തെ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.