ഇറക്കുമതി അഭിഭാഷകർ; സർക്കാർ പൊടിക്കുന്നത് കോടികൾ

തിരുവനന്തപുരം: സർക്കാർ കേസുകൾ വാദിക്കാൻ അഭിഭാഷകരുടെ നീണ്ടനിരയുണ്ടെങ്കിലും പുറത്തുനിന്ന് ഇറക്കുമതി ചെയ്ത് കേസ് നടത്താൻ സർക്കാർ പൊടിക്കുന്നത് കോടികൾ. പിണറായി സർക്കാറുകളുടെ ഇതുവരെയുള്ള കാലയളവിൽ ഇറക്കുമതി അഭിഭാഷകർക്കായി ഫീസിനത്തിൽ നൽകിയത് 20 കോടിയോളം രൂപ. സർക്കാർ അഭിഭാഷകർക്ക് പ്രതിമാസം ശമ്പളമായി നൽകുന്ന ഒന്നരക്കോടിയിലധികം രൂപക്ക് പുറമെയാണിത്.

ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് പുറത്തുനിന്നുള്ള അഭിഭാഷകർക്കായി ഫീസിനത്തിൽ 17.83 കോടി രൂപ ചെലവാക്കിയെങ്കിൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തി ഒരുവർഷത്തിനുള്ളിൽ ഒന്നേകാൽ കോടി രൂപയാണ് ചെലവഴിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഒരു മന്ത്രിയും രണ്ടു മുൻ മന്ത്രിമാരും പ്രതികളായ നിയമസഭ കൈയാങ്കളിേക്കസ് അവസാനിപ്പിക്കാൻ നടത്തുന്ന നീക്കത്തിന്‍റെ ഭാഗമായും സർക്കാർ ഖജനാവിൽനിന്നാണ് പണം ചെലവഴിച്ചത്. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ കേസ് അവസാനിപ്പിക്കാൻ സുപ്രീംകോടതിയിലുൾപ്പെടെ അഭിഭാഷകനെ ഇറക്കി വാദിപ്പിച്ച വകയിൽ സർക്കാർ ഖജനാവിൽനിന്ന് അഭിഭാഷകന് നൽകിയത് 16.5 ലക്ഷമാണ്.

എന്നാൽ, കേസിൽ കോടതിയിൽനിന്ന് തിരിച്ചടി നേരിടേണ്ടിവരികയും കുറ്റപത്രം വായിക്കുന്ന നടപടിയിലേക്ക് കീഴ്കോടതി നീങ്ങുകയും ചെയ്യുന്ന സാഹചര്യമാണിപ്പോൾ. സംസ്ഥാന സർക്കാറിനായി സുപ്രീംകോടതിയിലെ കേസുകൾ വാദിക്കാൻ മൂന്നും ഹൈകോടതിയിൽ 140 ഓളവും അഭിഭാഷകരുള്ളപ്പോഴാണ് പുറത്തുനിന്ന് കൊണ്ടുവരുന്നത്. സർക്കാറിന് നിയമോപദേശം നൽകാനും കേസുകളിൽ ഹാജരാകാനുമായി അഡ്വക്കറ്റ് ജനറലും (എ.ജി) ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും (ഡി.ജി.പി) ഉൾപ്പെടെ സർക്കാർ അഭിഭാഷകർക്കായി പ്രതിമാസം ഒരു കോടി 55 ലക്ഷം രൂപ ശമ്പളമായി നൽകുന്നുണ്ട്.

എന്നിട്ടും രണ്ടാം പിണറായി സർക്കാറിന്‍റെ ഒരു വർഷക്കാലയളവിനിടയിൽ 55 ലധികം കേസുകളിൽ ഒരു ലക്ഷത്തിലധികം രൂപ ഫീസായി നൽകിയാണ് പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവന്നത്.

Tags:    
News Summary - import lawyers; government is spending crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.