പത്തനാപുരം: മദ്യപിച്ച് കെ.എസ്.ആർ.ടി.സി ബസിൽ കയറി അഭ്യാസം കാണിച്ചാൽ ഇനി മുതൽ പിടി വീഴും. അത്തരക്കാരെ അടുത്ത പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ കണ്ടക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പുകവലി ചോദ്യ ചെയ്തതിന്റെ പേരിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ പത്തനാപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മദ്യപിച്ചതിന്റെ പേരിൽ അവരെ ബസിൽ കയറ്റാതിരിക്കാൻ കഴിയില്ല. മദ്യപിച്ച് സഹയാത്രക്കാരോടോ സ്ത്രീകളോടോ മോശമായി പെരുമാറിയാൽ, അവർക്കത് കണ്ടക്ടറോട് റിപ്പോർട്ട് ചെയ്യാം. അവരെ അടുത്ത പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ കണ്ടക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
പുകവലിച്ചു കൊണ്ട് അടുത്തെത്തിയയാളോട് മാറി നിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പറഞ്ഞതിന് വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി വീഴ്ത്തിയത് രണ്ട് ദിവസം മുൻപായിരുന്നു. കെ.എസ്.ആർ.ടി.സി ബസിലും സമാനസംഭവങ്ങൾ നടന്നു വരുന്നുണ്ട്.
സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ പുരുഷന്മാർ ഇടംപിടിക്കുന്നതും സ്ഥിരമാണ്. രണ്ടു മാസം മുൻപാണ് കൊല്ലത്ത് സഹയാത്രികയോട് ഒരാൾ നഗ്നത പ്രദർശിപ്പിച്ചതും പിന്നീട് അറസ്റ്റിലായതും. മന്ത്രിയുടെ പുതിയ നിർദേശം എത്ര മാത്രം ഫലവത്താകുമെന്ന് കണ്ടറിയേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.