ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ച; ‘അറബിയുടെ ലോക്കർ തുറക്കാനെന്ന് പറഞ്ഞാണ് കൊണ്ടുപോയത്’ -പ്രതിയുടെ കുറ്റസമ്മത വിഡിയോ പുറത്ത്
കോഴിക്കോട്: ഖത്തർ കെ.എം.സി.സിയുടെ എട്ട് കോടി രൂപ കവർന്ന കേസിൽ പിടിയിലായ പ്രതിയുടെ കുറ്റസമ്മത വിഡിയോ പുറത്ത്. കുറ്റം ചെയ്തുവെന്ന് കെ.എം.സി.സി നേതാക്കളുടെ മുന്നിൽ ഏറ്റുപറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെ.എം.സി.സി ഓഫിസിലെ ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിക്കാൻ ചിലർ ആവശ്യപ്പെട്ടുവെന്നാണ് ഇയാളുടെ മൊഴി.
വെൽഡിങ് പണി എടുത്തിരുന്ന ആളായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ ഒരു പണിക്കുവേണ്ടി ഖത്തറിലേക്ക് പോകണമെന്നും പറഞ്ഞ് തന്നെ ബന്ധപ്പെടുകയായിരുന്നുവെന്ന് ബി.ജെ.പി നേതാവ് ബാലകൃഷ്ണൻ പറയുന്നു. ബോംബെ ഷാജി എന്നയാൾ ഗൾഫിൽ ഒരു ജോലിയുണ്ടെന്ന് പറഞ്ഞതോടെ അവിടം കാണാനുള്ള ആഗ്രഹം മൂലം സമ്മതിക്കുകയായിരുന്നു. ഒരാൾ വിളിക്കുമെന്നും കാര്യങ്ങൾ അറിയിക്കുമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ റാഷി എന്നയാളും വിളിച്ചിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാണെന്നും ബാലകൃഷ്ണൻ വിഡിയോയിൽ വ്യക്തമാക്കി.
ടിക്കറ്റും വിസയുമൊക്കെ അവർ എടുത്ത് തരുമെന്ന് പറഞ്ഞിരുന്നു. അറബിയുടെ ലോക്കറിന്റെ താക്കോൽ നഷ്ടപ്പെട്ടതുകൊണ്ട് അത് തുറക്കണമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. കെ.എം.സി.സി ഓഫിസാണെന്ന് തനിക്ക് അറിയില്ലായിരുന്നു. പണം കിട്ടിയാൽ പത്ത് ലക്ഷം രൂപയിലധികം തരുമെന്ന് പറഞ്ഞിരുന്നു. ലോക്കർ തുറന്ന് പണം കിട്ടിയതോടെ പണവും കൊണ്ട് കൂടെയുള്ളവർ പോയി. ബോംബെ ഷാജി, റാഷിദ്, സ്വാലിഹ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. മോഷണത്തിനുശേഷം അവിടെനിന്ന് 50,000 രൂപയും നാട്ടിലെത്തിയ ശേഷം എത്തിയശേഷം 1.50 ലക്ഷം രൂപയും നൽകിയെന്നും ബാലകൃഷ്ണൻ പറയുന്നു. ബാവ എന്ന് വിളിക്കുന്ന സായിബാബയാണ് പണം തന്നതെന്നും അയാൾക്ക് തിക്കോടി കടപ്പുറത്ത് മത്സ്യബന്ധനമാണ് ജോലിയെന്നും ബാലകൃഷ്ണൻ കുറ്റസമ്മത വിഡിയോയിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഖത്തർ കെ.എം.സി.സി. ഓഫീസിൽനിന്ന് എട്ടുകോടിയോളം രൂപ കവർന്നെന്ന കേസിൽ കൊയിലാണ്ടി സ്വദേശിയാ ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങിയത്. കവർച്ചയ്ക്ക് പിന്നിൽ കൊയിലാണ്ടി, പയ്യോളി മേഖലകളിലുള്ളവരാണെന്ന സൂചനയിൽ കെ.എം.സി.സി. ഭാരവാഹികൾ കൊയിലാണ്ടി പൊലീസിൽ പരാതിനൽകുകയായിരുന്നു. പിന്നാലെയാണ് ബാലകൃഷ്ണൻ കീഴടങ്ങിയത്. 2025 സെപ്റ്റംബർ 18നാണ് ഖത്തറിലെ അൽതുമാമയിലെ കെ.എം.സി.സി.യുടെ ഓഫിസിൽ കവർച്ച നടന്നത്. ഓഫിസ് ബോയ് ആയി ജോലിചെയ്തിരുന്നയാളെ കെട്ടിയിട്ടായിരുന്നു കവർച്ച. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി നഗരസഭ മൂന്നാം വാർഡിൽ ബി.ജെ.പി. സ്ഥാനാർഥിയായിരുന്നു ബാലകൃഷ്ണൻ. നിലവിൽ ബി.ജെ.പി വിയ്യൂർ ബൂത്ത് പ്രസിഡന്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.