ഇടുക്കി: ജില്ലയിൽ യു.ഡി.എഫ് മുൻതൂക്കം ഉറപ്പിച്ച നിലയിലാണ്. തൊടുപുഴ നീന്തിക്കയറാമെന്ന് യു.ഡി.എഫും ഉടുമ്പൻചോലയിൽ വിജയം കൊയ്യാമെന്ന് എൽ.ഡി.എഫും പ്രതീക്ഷിക്കുന്നു. കടുത്ത മത്സരമുള്ള ഇടുക്കിയും ദേവികുളവും മനസ്സ് തുറന്നിട്ടില്ല. പീരുമേടിനെ ഇരുമുന്നണികളും ഒപ്പം എണ്ണുന്നു. തൊടുപുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി അപു ജോൺ ജോസഫ്, അവസാന ലാപ്പിന് മുമ്പേ മുന്നിലാണ്. മുൻപ് കാണാത്ത പോരാട്ടത്തിലാണ് ഇക്കുറി ഇടുക്കി. മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ.പൗലോസ് ഏറ്റുമുട്ടുന്നത് മന്ത്രി റോഷി അഗസ്റ്റിനോടാണ്. തദ്ദേശത്തിലെ മുന്നേറ്റമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും എൽ.ഡി.ഫിനൊപ്പം നിന്ന പീരുമേട്ടിൽ സി.പി.ഐ ജില്ലാ സെക്രട്ടറി സലിംകുമാറിനെ എതിരിടുന്നത് രണ്ട് വട്ടം യു.ഡി.എഫ് സ്ഥാനാര്‍ഥിയായ സിറിയക് തോമസാണ്.
നാല് തവണയായി സി.പി.എം ജയിക്കുന്ന ദേവികുളത്ത് സി.പി.എം മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ എൻ.ഡി.എക്ക് വേണ്ടി കളത്തിലുണ്ട്. നിലവിലെ എം.എൽ.എ എ.രാജ എൽ.ഡി.എഫിന് വേണ്ടി കളംനിറയുമ്പോൾ മണ്ഡലത്തിൽ സുപരിചിതനായ എഫ്.രാജയാണ് യു.ഡി.എഫ് സ്ഥാനാർഥി. സി.പി.എം വോട്ടുകൾ രാജേന്ദ്രൻ പിടിച്ചാൽ എ. രാജയുടെ വിജയത്തെ ബാധിക്കും.
ഉടുമ്പൻ ചോലയിൽ മുൻ എം.എൽ.എ കെ.കെ ജയചന്ദ്രനോട് എതിരിടുന്നത് യു.ഡി.എഫിന്റെ സേനാപതി വേണുവാണ്. 2021ൽ എം.എം മണിയോട് 1109 വോട്ടിനാണ് വേണു തോറ്റത്. എസ്.ഐ.ആറിലൂടെ ഒഴിവാക്കിയ അര ലക്ഷത്തിനടുത്ത വോട്ടുകൾ ദേവികുളം, ഉടുമ്പൻ ചോല മണ്ഡലങ്ങളുടെ വിധി നിർണയിക്കുന്നതിൽ നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.